‘ഇത് മമ്മൂട്ടിയെന്ന സൂപ്പർസ്റ്റാറിന്റെ സിനിമയാണ്, ഇവിടെ വെച്ച് കൊന്നിട്ടാൽ പോലും ആരുമറിയില്ല’- ഷെറിൻ അർച്ചനയെ ഭീഷണിപ്പെടുത്തിയതിങ്ങനെ

സൂപ്പർസ്റ്റാറിന് അറിയാമോ?- അറിഞ്ഞുകാണുമെന്ന് അർച്ചന!

അപർണ| Last Modified ഞായര്‍, 14 ഒക്‌ടോബര്‍ 2018 (11:21 IST)
മലയാളത്തിലും മീ ടൂ ആളിക്കത്തുകയാണ്. ശ്യാംധർ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം പുള്ളിക്കാരൻ സ്റ്റാറയുടെ ലൊക്കേഷനിൽ വെച്ച് മോശം അനുഭവമുണ്ടായതായി നടി അർച്ചന പദ്മിനി വെളിപ്പെടുത്തിയിരുന്നു. സിനിമയിലെ ചെറിയ വേഷങ്ങളിലഭിനയിക്കുന്ന നടിയാണ് അർച്ചന.

ഡബ്ല്യുസിസിയുടെ വാർത്താസമ്മേളനത്തിലാണ് അർച്ചനയുടെ വെളിപ്പെടുത്തൽ. എന്നാൽ, ഇക്കാര്യം ഇതിനുമുൻപും അർച്ചന തുറന്നു പറഞ്ഞിട്ടുള്ളതാണ്. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അർച്ചന ആദ്യം ഇക്കാര്യം തുറന്നു പറഞ്ഞത്.

സംഭവം പുറത്ത് പറഞ്ഞപ്പോൾ 'ഇത് ഇന്ന സൂപ്പര്‍സ്റ്റാറിന്റെ സിനിമയാണ്, ഇവിടെവെച്ച് കൊന്നിട്ടാല്‍പോലും ആരും അറിയില്ല‘ എന്ന് പ്രൊഡക്ഷൻ കൺ‌ട്രോളർ ബാദുഷയുടെ സഹായി ആയ ഷെറിൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന് അർച്ചന പറഞ്ഞിരുന്നു. മമ്മൂട്ടിയെയാണ് ഷെറിൻ ‘സൂപ്പർസ്റ്റാർ പടം’ എന്ന് വിശേഷിപ്പിച്ചതെന്ന് അർച്ചനയുടെ പിന്നീടുള്ള വെളിപ്പെടുത്തലിൽ വ്യക്തമാണ്.

മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് അർച്ചന ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം സംവിധായകനോടും സ്‌ക്രിപ്റ്റ് റൈറ്ററോടും പറഞ്ഞിരുന്നുവെന്നും അവർ അയാളോട് ചോദിച്ചപ്പോൾ കുറ്റം സമ്മതിക്കുകയും ചെയ്തുവെന്ന് നേരത്തേ നൽകിയ അഭിമുഖത്തിൽ അർച്ചന വ്യക്തമാക്കിയിരുന്നു. അസിസ്റ്റന്റ് ഡയറക്ടേഴ്‌സും സ്‌ക്രിപ്റ്റ് റൈറ്ററും വന്ന് വ്യക്തിപരമായി മാപ്പ് പറഞ്ഞുവെന്നും അർച്ചന പറയുന്നു.

ഇക്കാര്യങ്ങൾ സൂപ്പർസ്റ്റാർ അറിഞ്ഞില്ലേ എന്ന ചോദ്യത്തിന് ‘അറിഞ്ഞുകാണും. കാരണം എന്നോട് കോംപ്രമൈസിനു വന്നവരില്‍ ഒരാള്‍ ഈ സൂപ്പര്‍സ്റ്റാറിന്റെ അടുത്ത ചങ്ങാതി ആയിരുന്നു. അല്ല, അറിഞ്ഞാല്‍ത്തന്നെ ഇതൊന്നും അവരെ ബാധിക്കുന്ന പ്രശ്നമല്ല’ എന്നായിരുന്നു അർച്ചന നൽകിയ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :