ആ സിനിമ ചെയ്തിരുന്നെങ്കില്‍ അങ്കമാലിക്കാര്‍ ഞങ്ങളെ തല്ലിക്കൊന്നേനെ; സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ പെപ്പെയുടെ റോള്‍ തനിക്ക് വന്നതാണെന്ന് ധ്യാന്‍

അന്ന് ആ സിനിമ ചെയ്യാതിരുന്നത് നന്നായെന്നും ധ്യാന്‍ പറയുന്നു

Antony Varghese and Dhyan Sreenivasan
രേണുക വേണു| Last Updated: വെള്ളി, 21 ജൂണ്‍ 2024 (12:17 IST)
Antony Varghese and Dhyan Sreenivasan

ആന്റണി വര്‍ഗീസ് (പെപ്പെ), അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍, അന്ന രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. 2017 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു. അങ്കമാലി ഡയറീസിലെ ആന്റണി വര്‍ഗീസിന്റെ റോളിലേക്ക് ആദ്യം വിളിച്ചത് തന്നെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. അന്ന് ആ സിനിമ ചെയ്യാതിരുന്നത് നന്നായെന്നും ധ്യാന്‍ പറയുന്നു.

' അങ്കമാലി ഡയറീസിന്റെ കഥ ആദ്യമായി കേട്ട ഒരാളാണ് ഞാന്‍. അതും പെപ്പെയുടെ റോളിലേക്ക്. എനിക്ക് തോന്നുന്നു ആദ്യം സഞ്ജു ശിവറാമിനെയായിരുന്നു പെപ്പെയുടെ റോളിലേക്ക് പരിഗണിച്ചത്. ടൊവിനോയോടും ആസിഫിനോടുമൊക്കെ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. അടി കപ്യാരെ കൂട്ടമണി കഴിഞ്ഞിട്ട് ഞാനും അജുവും കൂടെ ചെമ്പന്‍ ചേട്ടന്‍ വിളിച്ചിട്ട് കഥ കേള്‍ക്കാന്‍ പോയിരുന്നു. അന്ന് ഭാസിയുമുണ്ടായിരുന്നു ചിത്രത്തില്‍. പക്ഷെ ചെമ്പന്‍ ചേട്ടന്‍ കഥ പറയുന്നത് കേട്ടാല്‍ ഒന്നും മനസിലാവില്ല. എനിക്കൊന്നും മനസിലായില്ല,'

' അങ്കമാലിക്കാരായ അവര്‍ ആ സിനിമ ചെയ്തതിന്റെ ഗുണം കാണാനുണ്ട്. അവര്‍ അവിടെ തന്നെ ഉള്ളവരാണ്. ഞങ്ങള്‍ ചെയ്താല്‍ അത് വര്‍ക്കാവില്ലെന്ന് തോന്നി. കണ്ണൂര്‍ സ്ലാങ് ഒക്കെ പറഞ്ഞിട്ടാകും ഉണ്ടാകുക. അതൊരിക്കലും ശരിയാകില്ലല്ലോ. ചെമ്പന്‍ ചേട്ടന്‍ ആ സിനിമ സംവിധാനം ചെയ്യാനിരുന്നതാണ്. 'നിങ്ങള്‍ ഒരിക്കലും ഇത് സംവിധാനം ചെയ്യരുത്' എന്നാണ് അന്ന് ഞാന്‍ ചെമ്പന്‍ ചേട്ടനോട് പറഞ്ഞത്. വേറെ ആര്‍ക്കെങ്കിലും കൊടുക്കണമെന്ന് പറഞ്ഞു. കാരണം അദ്ദേഹം തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു അത്,' ധ്യാന്‍ പറഞ്ഞു.

' അന്ന് ലിജോ ചേട്ടന്‍ സീനിലേയില്ല. വേറൊരു ആളായിരുന്നു അത് സംവിധാനം ചെയ്യാന്‍ ഇരുന്നത്. പിന്നെ വിജയ് ചേട്ടന്‍ എന്നെ വിളിച്ചിട്ട് പുതിയ ആളുകളെ വെച്ച് ചെയ്യാന്‍ പ്ലാനുണ്ടെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, അതാണ് നല്ലത് അത് സിനിമക്ക് ഒരു ഫ്രഷ്‌നെസ് നല്‍കുമെന്നെല്ലാം. അതായിരുന്നു ചര്‍ച്ചയുടെ ഒടുക്കം ഉണ്ടായ തീരുമാനം. അന്ന് ഞാന്‍ ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്ന് ഞാനുമില്ല ചെമ്പന്‍ ചേട്ടനുമില്ല. കാരണം ഞങ്ങള്‍ ആദ്യം ഔട്ടാവും. കാരണം അങ്കമാലിക്കാര്‍ തന്നെ വന്ന് തല്ലികൊല്ലും (ചിരിച്ചുകൊണ്ട്) അതുകൊണ്ടെന്താ അപ്പാനി ശരത്തിനെയൊക്കെ നമുക്ക് കിട്ടിയില്ലേ.' ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :