അമല പോളിന്റെ വിവാഹമോചനം; അന്ന് ഗോസിപ്പ് കോളങ്ങളില്‍ ധനുഷിന്റെ പേരും !

രേണുക വേണു| Last Modified ബുധന്‍, 19 ജനുവരി 2022 (18:45 IST)

തെന്നിന്ത്യന്‍ സിനിമാലോകത്ത് അറിയപ്പെടുന്ന താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. സിനിമകളെ പോലെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നു അമല പോളിന്റെ ദാമ്പത്യജീവിതം. സംവിധായകന്‍ എ.എല്‍.വിജയ് ആയിരുന്നു അമലയുടെ ആദ്യത്തെ ജീവിതപങ്കാളി. എന്നാല്‍, പിന്നീട് ആ ബന്ധം തകരുകയായിരുന്നു.

2011 ല്‍ എ.എല്‍.വിജയ് സംവിധാനം ചെയ്ത 'ദൈവതിരുമകള്‍' എന്ന സിനിമയില്‍ അമല പോള്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ സെറ്റില്‍ നിന്നാണ് അമല-വിജയ് ബന്ധം ആരംഭിക്കുന്നതെന്നാണ് ഗോസിപ്പ്. ഈ സിനിമയ്ക്ക് പിന്നാലെ ഇരുവരും ഡേറ്റിങ്ങില്‍ ആണെന്ന് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങി. ആ സമയത്ത് ഇരുവരും ഈ ഗോസിപ്പുകളെ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

ഒടുവില്‍ 2014 ലാണ് തങ്ങള്‍ പ്രണയത്തിലാണെന്നും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഇരുവരും പരസ്യമാക്കുന്നത്. ആ വര്‍ഷം ജൂണില്‍ തന്നെ വിവാഹനിശ്ചയവും വിവാഹവും നടന്നു. വന്‍ താരനിര അണിനിരന്ന ഈ വിവാഹം ചെന്നൈയിലാണ് നടന്നത്.

വിവാഹം കഴിഞ്ഞ ഒരു വര്‍ഷം ആകുമ്പോഴേക്കും ഈ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി. അമല സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവ് ആയതും മറ്റ് താരങ്ങളുമായുള്ള വളരെ അടുത്ത ബന്ധവും വിജയ് എതിര്‍ത്തിരുന്നതായാണ് റിപ്പോര്‍ട്ട്. ഈ തര്‍ക്കം പിന്നീട് വലിയ വിള്ളലായി. ഒന്നിച്ചുപോകാന്‍ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ഇരുവരും വിവാഹമോചനത്തിനു തയ്യാറെടുത്തു. 2016 ലാണ് ഇരുവരും വിവാഹമോചനത്തിനുള്ള നിയമപരമായ നടപടികള്‍ ആരംഭിച്ചത്. 2017 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിയുകയും ചെയ്തു.

നടന്‍ ധനുഷ് ആണ് അമല-വിജയ് ബന്ധം തകരാന്‍ കാരണമെന്ന് അക്കാലത്ത് ആരോപണം ഉയര്‍ന്നിരുന്നു. വിജയിയുടെ പിതാവ് എ.എല്‍.അഴഗപ്പന്‍ പരസ്യമായി ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളെ അമല തള്ളി. തന്റെ വിവാഹമോചനത്തിനു മറ്റാരും കാരണക്കാര്‍ അല്ല എന്നും ധനുഷ് തന്റെ അടുത്ത സുഹൃത്തും ഉപകാരിയും മാത്രമാണെന്നുമാണ് അന്ന് അമല പറഞ്ഞത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :