രേണുക വേണു|
Last Modified ശനി, 23 സെപ്‌റ്റംബര്‍ 2023 (10:06 IST)
മലയാള സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് നവതി. 1933 സെപ്റ്റംബര്‍ 23 ന് ജനിച്ച അദ്ദേഹം തന്റെ 90-ാം പിറന്നാളാണ് ഇന്ന് ലളിതമായി ആഘോഷിക്കുന്നത്. 'Happy Birthday My Superstar' എന്നാണ് മധുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മലയാള സിനിമാ മേഖല ഒന്നടങ്കം മധുവിന് ജന്മദിനാശംസകള്‍ നേരുകയാണ്.
മധുവും മലയാളത്തിന്റെ സൂപ്പര്‍താരങ്ങളും തമ്മിലുള്ള പ്രായ വ്യത്യാസം എത്രയെന്ന് അറിയുമോ? മധുവിനേക്കാള്‍ 18 വയസ്സിനു താഴെയാണ് മമ്മൂട്ടി. മോഹന്‍ലാലിനേക്കാള്‍ 26 വയസ് കൂടുതലാണ് മധുവിന്. മമ്മൂട്ടിയും മോഹന്‍ലാലും മധുവിനെ 'മധു സാര്‍' എന്നാണ് വിളിക്കുക. ആ വിളിയില്‍ ഉണ്ട് മലയാള സിനിമയ്ക്ക് മധു ആരാണെന്നതിനുള്ള ഉത്തരം !
ഹിന്ദി അധ്യാപകനായാണ് മധുവിന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് നാടക രംഗത്തേക്ക് എത്തി. രാമു കാര്യാട്ട് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. ചെമ്മീനിലെ പരീക്കുട്ടി എന്ന കാമുക വേഷത്തിലൂടെയാണ് മധു മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയത്. നായകന്‍, വില്ലന്‍, സഹനടന്‍ എന്നീ റോളുകളിലെല്ലാം മധു തിളങ്ങി.
ഓളവും തീരവും, ഏണിപ്പടികള്‍, ഭാര്‍ഗവീ നിലയം, ഇതാ ഒരു മനുഷ്യന്‍, ഹൃദയം ഒരു ക്ഷേത്രം, ജീവിതം, പ്രായിക്കര പാപ്പാന്‍, നരന്‍ എന്നിങ്ങനെ നാനൂറിലേറെ ചിത്രങ്ങളില്‍ മധു അഭിനയിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും മധുവിനെ 'മധു സാര്‍' എന്നാണ് വിളിക്കുന്നത്. ആ വിളിയില്‍ ഉണ്ട് മലയാള സിനിമയ്ക്ക് മധു ആരാണെന്ന് ! സംവിധായകന്‍, നിര്‍മാതാവ് എന്നീ റോളുകളിലും മധു തിളങ്ങി. 12 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 15 ചിത്രങ്ങള്‍ നിര്‍മിച്ചു. 2004 ല്‍ സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. 2013 ല്‍ പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.