മരണത്തിനായി തിരഞ്ഞെടുത്തത് ജന്മദിനം, സാമ്പത്തിക പ്രശ്‌നം ഉണ്ടായിരുന്നതായി സൂചന; രഞ്ജുഷയുടെ മരണത്തില്‍ നടുങ്ങി സിനിമ-സീരിയല്‍ ലോകം

താമസിക്കുന്ന ഫ്‌ളാറ്റിലെ വാതില്‍ പൂട്ടിയിരുന്നതിനാല്‍ താഴെയിറങ്ങി സെക്യൂരിറ്റി ജീവനക്കാരന്റെ സഹായത്തോടെ ഏണി വച്ച് ഫ്‌ളാറ്റിന്റെ പിന്‍വശത്ത് കൂടി കയറി വാതില്‍ തുറന്നു നോക്കിയപ്പോള്‍ ആണ് രഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടത്

രേണുക വേണു| Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (09:34 IST)

സിനിമ-സീരിയല്‍ താരം രഞ്ജുഷ മേനോന്റെ ആത്മഹത്യയില്‍ നടുങ്ങി സഹതാരങ്ങള്‍. തന്റെ 35-ാം ജന്മദിനത്തിലാണ് രഞ്ജുഷ ആത്മഹത്യ ചെയ്തത്. ഒക്ടോബര്‍ 30 തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം ശ്രീകാര്യം കരിയത്തെ ഫ്‌ളാറ്റില്‍ രഞ്ജുഷയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന സുഹൃത്ത് മനോജ് ശ്രീലകവുമായി ഒന്നിച്ചായിരുന്നു രഞ്ജുഷയുടെ താമസം.

ഇന്നലെ പുലര്‍ച്ചെ സീരിയല്‍ സംവിധാനവുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്നു പോയെന്നും രാവിലെ 9.30 ആയിട്ടും രഞ്ജുഷ അഭിനയിക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് ഫോണ്‍ ചെയ്തപ്പോള്‍ എടുക്കാത്തതിനാല്‍ താന്‍ വീട്ടിലേക്ക് തിരിച്ചു പോയെന്നും മനോജ് ശ്രീലകം ശ്രീകാര്യം പൊലീസിനു മൊഴി നല്‍കി.

താമസിക്കുന്ന ഫ്‌ളാറ്റിലെ വാതില്‍ പൂട്ടിയിരുന്നതിനാല്‍ താഴെയിറങ്ങി സെക്യൂരിറ്റി ജീവനക്കാരന്റെ സഹായത്തോടെ ഏണി വച്ച് ഫ്‌ളാറ്റിന്റെ പിന്‍വശത്ത് കൂടി കയറി വാതില്‍ തുറന്നു നോക്കിയപ്പോള്‍ ആണ് രഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടത്. ഫാനില്‍ കുരുക്കിട്ട് തൂങ്ങി മരിച്ച നിലയിലായിരുന്നു. ഫാനില്‍ നിന്ന് നിലത്തിറക്കി പരിശോധിക്കുമ്പോള്‍ മരണം സംഭവിച്ചിരുന്നെന്നും മനോജ് പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

സീരിയലില്‍ ലൈന്‍ പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിരുന്ന രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. അഭിനയരംഗത്തെ മഞ്ജുഷയുടെ സുഹൃത്തുക്കള്‍ ഇപ്പോഴും മരണവാര്‍ത്തയുടെ ഞെട്ടലിലാണ്.

സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാര്‍ച്ച് 12, തലപ്പാവ്, വാധ്യാര്‍, വണ്‍വേ ടിക്കറ്റ്, കാര്യസ്ഥന്‍, അത്ഭുതദ്വീപ് തുടങ്ങിയ സിനിമകളില്‍ അഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. മകളുടെ അമ്മ, സ്ത്രീ, ആനന്ദരാഗം, വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയവയാണ് രഞ്ജുഷയുടെ ശ്രദ്ധേയമായ സീരിയലുകള്‍.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :