ആ കാഴ്‌ച ആദിയുടെ ജീവിതം തകിടം മറിച്ചു - വരവറിയിച്ച് രാജാവിന്റെ മകന്‍

ആ കാഴ്‌ച ആദിയുടെ ജീവിതം തകിടം മറിച്ചു - വരവറിയിച്ച് രാജാവിന്റെ മകന്‍

 Aadhi film , Aadhi , Pranav Mohanlal , Mohanlal , പ്രണവ് മോഹന്‍‌ലാല്‍ , പ്രണവ് , ആദി , സിനിമ
കനിഹ സുരേന്ദ്രന്‍| Last Updated: വെള്ളി, 26 ജനുവരി 2018 (16:06 IST)
ശാന്തമായി തുടങ്ങി ഒട്ടനവധി നാടകീയതകളിലൂടെ കടന്ന് അന്ത്യത്തിലെത്തുന്ന യാത്രയാണ് ആദി”, മഹാനടന്‍ മോഹന്‍‌ലാലിന്റെ മകൻ പ്രണവിന്റെ ആദ്യ സിനിമയെ ഇങ്ങനെ വിലയിരുത്തുന്നതാകും ഉത്തമം. മലയാള സിനിമയുടെ തലവര മാറ്റിമറിച്ച ദൃശ്യത്തിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിച്ച ജീത്തു ജോസഫ് അണിയിച്ചൊരുക്കിയ ആദി കുടുംബബന്ധങ്ങൾക്ക്‌ പ്രാധാന്യം നൽകിക്കൊണ്ടുള്ള സിനിമയാണ്.

‘ആദി’യും പ്രണവും:-


രു പാവം ചെക്കന്റെ മുഖാവരണം എടുത്തണിഞ്ഞാണ് ആദിയില്‍ പ്രണവ് എത്തുന്നത്. തന്റെ സ്വപ്‌നം സഫലമാക്കാന്‍
കൊച്ചിയില്‍ നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന ആദിത്യ മോഹൻ എന്ന യുവാവിന്റെ (പ്രണവ്) ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില പ്രശ്‌നങ്ങളാണ് കഥയെ മുന്നോട്ടു നയിക്കുന്നത്.

ലളിതവും എന്നാല്‍ കണ്ടു പഴകിയതുമായ നിമിഷങ്ങള്‍ സ്ക്രീനില്‍ നിറയുന്നുണ്ടെങ്കിലും പ്രേക്ഷകരെ ഒരു പരിധിവരെ
പിടിച്ചിരുത്താല്‍ ആദിക്ക് സാധിക്കുന്നുണ്ട്. ബാംഗ്ലൂരില്‍ വെച്ച് ഒരു കൊലപാതകത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ കാതല്‍. എന്നാല്‍ കുടുംബ പ്രേക്ഷകരെ വലിച്ചടുപ്പിക്കുന്ന ജീത്തുവിന്റെ മുന്‍ സിനിമകളിലെ മാജിക്ക് ആദിയുടെ ആദ്യ പകുതിയിലും ആവര്‍ത്തിക്കുന്നു.

കഥാപരമായ പുതുമകളൊന്നും ആദിക്ക് അവകാശപ്പെടാനില്ല എന്നതാണ് എടുത്തു പറയേണ്ട പോരായ്‌മ. എന്നാല്‍ ചടുലതയും ആകാക്ഷയും ചോരാതെ ആദ്യ പകുതി അവസാനിപ്പിക്കാന്‍ സംവിധായകനു കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്.
തരക്കേടില്ലാത്ത മുഹൂര്‍ത്തങ്ങളില്‍ നിന്നും ആവേശം ചോരാതെ ഇടവേളയില്‍ എത്തിച്ചെങ്കിലും തുടര്‍ന്നങ്ങോട്ടുള്ള രണ്ടാം പകുതിയില്‍ കുടുംബസ്നേഹവും സഹാനുഭൂതിയും അളവിലും കൂടുതലുണ്ട്.

ന്യൂജന്‍ മലയാള സിനിമകളിലെ ദുരന്തമെന്ന് വിലയിരുത്താവുന്ന അനാവശ്യ കൂട്ടിച്ചേര്‍ക്കലുകളോ അനവസരത്തിലുള്ള ഹാസ്യ സംഭാഷണങ്ങളോ ആദിയില്‍ ഇല്ല. പ്രണവാണ് ചിത്രത്തിന്റെ ഹൈലേറ്റ് എങ്കിലും ഹോളിവുഡ് സിനിമകളില്‍ കണ്ടുവരുന്ന പൗർക്കൗറാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ വ്യത്യസ്ഥമാക്കുന്നത്.

സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ടെങ്കിലും ഒരു ത്രില്ലർ ചിത്രത്തിലേതു പോലുള്ള ചടുലമായ മാറ്റങ്ങളോ നീക്കങ്ങളോ ആദിക്ക് അവകാശപ്പെടാനില്ല. അഭിനയപ്രാധാന്യമുള്ള നായകകഥാപാത്രത്തെ മെയ്‌വഴക്കത്തോടെ അവതരിപ്പിക്കാനും പൂര്‍ണ്ണതയില്‍ എത്തിക്കാനും പ്രണവിന് കഴിയുന്നുണ്ടെങ്കിലും ക്ലൈമാക്‍സിന്റെ ബലഹീനത ഒരു കുറവ് തന്നെയാണ്.

ആദിയില്‍ ജീത്തുവിന്റെ മാജിക്ക് എത്രത്തോളം ?

ലയാളികാളുടെ ഇഷ്‌ട സംവിധായകനാണ് ജീത്തു ജോസഫ്. മഹാനടൻ മോഹന്‍ലാലിന്റെ മകൻ പ്രണവിനെ നായകനാക്കി ചിത്രമെടുക്കുമ്പോള്‍ ഒരിക്കലും പിഴവ് സംഭവിക്കരുതെന്ന് അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. എന്നാല്‍, ആ ധാരണ ശരിവയ്‌ക്കാന്‍ ഏറേക്കുറെ ആദിക്കായി. എന്നാല്‍, ചിത്രത്തിന്റെ സംവിധാനത്തില്‍ പ്രകടിപ്പിച്ച കൈയടക്കം തിരക്കഥയില്‍ ജീത്തുവിന് നിലനിര്‍ത്താനാകാതെ പോയി.

ശാന്തമായി ആരംഭിക്കുന്ന ആദിയുടെ താളം ഒരു ഘട്ടത്തിലും പിഴയ്‌ക്കാതിരിക്കാനുള്ള ജീത്തുവിന് ശ്രമം വിജയം കണ്ടിട്ടുണ്ട്. കുടുംബബന്ധങ്ങളെ ആകര്‍ഷിക്കുന്ന ഒന്നാം പകുതിയില്‍ ഉദ്വേഗവും ആകാക്ഷയും ചോരാതെ സമന്വയിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സംഘടന രംഗങ്ങളില്‍ കോരിത്തരിപ്പിക്കാന്‍ ജീത്തുവിനായി.
ചിത്രത്തിലെ പാട്ടുകള്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നില്ല എന്നു പറയേണ്ടുവരുമ്പോള്‍ പശ്ചാത്തലസംഗീതം സിനിമയുടെ ബാലന്‍‌സിനെയും കാഴ്‌ചക്കാരെയും സ്വാധീനിക്കുന്നുണ്ട്.

വാല്‍ക്കഷണം:-

158 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ബോറടിക്കാത്ത സിനിമയാണ് ആദി എന്നു പറയാം. ബാലതാരമായി മുമ്പ് പ്രേക്ഷകരെ കൈയിലെടുത്ത പ്രണവിന് മലയാള സിനിമയില്‍ ഇനിയും പലതും തെളിയിക്കാനും, ചെയ്യാനുമാകുമെന്നും ജീത്തു ജോസഫിന്റെ കൈമുദ്ര പതിഞ്ഞ ആദി വ്യക്തമാക്കുന്നു. അതിനാല്‍ മടികൂടാതെ ടിക്കറ്റ് എടുക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :