ഇവർ ഒരുമിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാം, ഒന്നിച്ചാൽ ഇത്ര സൌന്ദര്യമുണ്ടാകുമോ? നഷ്ട പ്രണയത്തെ മനോഹരമായി ചിത്രീകരിച്ച 4 സിനിമകൾ!

സദാചാര സമൂഹത്തിനു സഹിക്കാന്‍ കഴിയാത്ത ഒരു ആത്മബന്ധം ഈ കഥകൾക്കുണ്ട്, ചിത്രങ്ങൾക്കും ! - വൈറലായി കുറിപ്പ്

Last Modified ബുധന്‍, 27 മാര്‍ച്ച് 2019 (11:39 IST)
ആഷിഖ് അബു സംവിധാനം ചെയ്ത് ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ നായികാ നായകനാക്കി ഒരുക്കിയ മായാനദി എന്ന കാണാത്തവർ ചുരുക്കമായിരിക്കും. മായാനദിയെ അപർണയെന്ന അപ്പുവിനെ മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച സൈക്കോ വില്ലത്തിനായി ചിത്രീകരിച്ചത് സിനിമാ പ്രവര്‍ത്തകന്‍ കൂടിയായ ദേശബന്ധു കെ.ഒ എന്ന യുവാവാണ്.

വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെയായിരുന്നു ആ വിശകലനം. ഇപ്പോഴിതാ, അധികമാരും ശ്രദ്ധിക്കാത്ത മറ്റൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദേശബന്ധു. തൂവാനത്തുമ്ബികള്‍, മേഘമല്‍ഹാര്‍, രാമന്റെ ഏദന്‍ തോട്ടം, എന്നീ ചിത്രങ്ങള്‍ തമ്മിലുള്ള ബന്ധമാണ് ദേശബന്ധുവിന്റെ പുതിയ പോസ്റ്റ്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ –

ഈ നാല് ചിത്രങ്ങള്‍ക്കും ഒരു പ്രത്യേകതയുണ്ട്. ഇതിലെ നായികാ നായകന്മാര്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ അല്ല, കാമുകി കാമുകന്മാരുമല്ല, സുഹൃത്തുകള്‍ ആണോ എന്ന് ചോദിച്ചാല്‍ സൗഹൃദം മാത്രവുമല്ല. പ്രണയമാണെന്ന് പ്രേക്ഷകരെ തെറ്റുധരിപ്പിക്കുന്നുണ്ടെങ്കിലും, അവിഹിതം എന്ന് പോലും ചിലര്‍ക്ക് തോന്നിയേക്കാമെങ്കിലും പറഞ്ഞു ഫലിപ്പിക്കാനാവാത്ത ഏതോ വികാരങ്ങളിലൂടെ കടന്നു പോകുന്ന നാല് സിനിമകള്‍ !

ഇതേ ശ്രെണിയില്‍ വരുന്നതാണ് ഒരേകടല്‍, പ്രണയം എന്നിരുന്നാലും എനിക്ക് പ്രീയപ്പെട്ട, മറ്റു പലരും ഹൃദയത്തില്‍ സൂക്ഷിക്കുന്ന നാല് ചിത്രങ്ങളാണ്. തൂവാനത്തുമ്ബികള്‍, മേഘമല്‍ഹാര്‍, രാമന്റെ ഏദന്‍ തോട്ടം, 96. കൈകാര്യം ചെയ്ത പ്രമേയത്തിന് സാമ്യത ഉണ്ടായിരുന്നെങ്കിലും പറഞ്ഞു പോയ കഥാനാരീതി വ്യത്യസ്തമായിരുന്നു. ഇങ്ങനേയും ആത്മ ബന്ധങ്ങള്‍ ഉണ്ടാകുമോ എന്ന് അതിശയിപ്പിക്കുന്ന, ഒരുപക്ഷെ സദാചാര സമൂഹത്തിനു സഹിക്കാന്‍ കഴിയാത്ത വഴികളിലൂടെയാണ് കഥ പറഞ്ഞ് സംവിധായകര്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.

അവിഹിതത്തോടു സാമ്യപ്പെടുത്തി പലരും ഈ ചിത്രങ്ങളെ കാണാറുണ്ടെങ്കിലും ഈ ബന്ധങ്ങള്‍ക്ക് ഒരു ഫീല്‍ ഉണ്ടായിരുന്നു. മനസ്സില്‍ പ്രണയമുള്ളവര്‍ക്കേ അത് ആസ്വദിക്കാന്‍ കഴിയൂ. ഒന്ന് മനസ്സ് തുറന്നു സംസാരിച്ചല്‍ നമുക്കിടയില്‍ തന്നെ ഇതിലെ കഥാപാത്രങ്ങളെ കണ്ടെത്താനാവും. സ്വന്തം ഭാര്യയിലോ, ഭര്‍ത്താവിലോ, കാമുകനിലോ, കാമുകിയിലോ ഒക്കെ ജയകൃഷ്ണനും ക്ലാരയും, രാജീവും നന്ദിതയും, രാമനും മാലിനിയും, റാമും ജാനുവും ഒക്കെ ഒളിഞ്ഞു കിടപ്പുണ്ടാകും. പ്രകടമാക്കാന്‍ കഴിയാത്ത അതിനു അവസരങ്ങള്‍ നഷ്ടമായ നഷ്ട പ്രണയം തന്നെയാണ് ഈ സിനിമകളുടെയും സൗന്ദര്യം.

കഥാ സന്ദര്‍ഭങ്ങള്‍ സംഭാഷണങ്ങള്‍ സംഗീതം തുടങ്ങിയവ ഈ സിനിമകളുടെ ഹൈലൈറ്റ് തന്നെയാണ് സിനിമയോടൊപ്പം തന്നെ അതും നമ്മുടെ മനസ്സിലേക്ക് ചേര്‍ന്നിരിക്കും. കഥയോടൊപ്പം തന്നെ പ്രകൃതിയും ലയിച്ചു ചേര്‍ന്ന അപൂര്‍വ്വം സിനിമകളില്‍ ചിലതു കൂടിയാണ് ഇത്.

തൂവാനതുമ്ബികളില്‍ മഴ ആയിരുന്നെങ്കില്‍ മേഘമല്‍ഹാറില്‍ കടല്‍ ഏദന്‍ തോട്ടത്തില്‍ കാടായി 96ല്‍ അത് രാത്രിയുമായി. ചിത്രങ്ങള്‍ക്ക് അനുയോജ്യമായ പശ്ചാത്തലം. ഫീലോടെ കണ്ടിരിക്കുന്നവര്‍ക്ക് ഒരിക്കലെങ്കിലും അവിടെയൊക്കെയൊന്നു പോകണമെന്ന് തോന്നും. നമുക്ക് എല്ലാവര്‍ക്കും കാണും ഇതുപോലെ പ്രീയപ്പെട്ടവരോടൊപ്പം ഓര്‍മ്മകളുറങ്ങുന്ന ചില നമ്മളിടങ്ങള്‍.

വികാരങ്ങള്‍ക്ക് ഇത്രമേല്‍ തീവ്രതയുണ്ടെന്നു മനസ്സിലാക്കി തന്ന ചിത്രങ്ങള്‍ വേറെയുണ്ടോ എന്ന് ചോദിച്ചാല്‍ സംശയമാണ്. ബന്ധങ്ങളുടെ ചങ്ങലക്കെട്ടില്‍ ഒരിക്കലും ഒരുമിക്കാനാവാത്ത നായികാ നായകന്മാര്‍. വിരഹത്തിന്റെ നെടുവീര്‍പ്പില്‍ ഈ സിനിമകള്‍ അവസാനിപ്പിക്കുമ്ബോള്‍ ഒരു മനോഹര കലാസൃഷ്ടി കണ്ടതിന്റെ സംതൃപ്തി. ഈ സിനിമകളിലൊക്കെ ഇവര്‍ ഒരുമിച്ചിരുന്നെങ്കില്‍ എന്ന് നമ്മളില്‍ പലരും ആഗ്രഹിച്ചിരിക്കും. പക്ഷേ ഇവര്‍ ഒന്നു ചേര്‍ന്നിരുന്നെങ്കില്‍ ഈ ചിത്രങ്ങള്‍ക്ക് ഇത്ര ഭംഗിയില്ലാതെ പോകുമായിരുന്നു.

മലയാളത്തില്‍ പ്രണയം പ്രമേയമായി നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും എന്തേ ഈ ചിത്രങ്ങള്‍ക്ക് ഇത്ര ഭംഗി എന്ന് ചോദിച്ചാല്‍ തനിച്ചിരുന്നു ഒരിക്കല്‍ക്കൂടി ഈ സിനിമകള്‍ കാണണം. സഫലമാകാതെ പോയ പ്രണയത്തിന്റെ തിളക്കവും രോഷവും ഒരിക്കല്‍ക്കൂടി അനുഭവിക്കണം. എത്ര സുന്ദരമായാണ് സ്നേഹത്തിന്റെ ആഴം ഇതില്‍ കൊത്തി വച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :