'മോഹന്‍ലാലിനു കൊടുത്തത് പോലെ ഒരു മാസ് കഥാപാത്രം എനിക്ക് വേണം'; മമ്മൂട്ടി രഞ്ജിത്തിനോടു ചോദിച്ചുവാങ്ങിയ 'വല്ല്യേട്ടന്‍'

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസാണ് വല്യേട്ടന്‍ സംവിധാനം ചെയ്തത്

രേണുക വേണു| Last Modified ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (13:14 IST)

മമ്മൂട്ടിയുടെ മാസ് കഥാപാത്രങ്ങളില്‍ ആരാധകര്‍ ഇന്നും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമാണ് വല്യേട്ടനിലെ അറയ്ക്കല്‍ മാധവനുണ്ണി. ഒന്നിലേറെ തവണ വല്യേട്ടന്‍ കാണാത്ത മലയാളികള്‍ കുറവായിരിക്കും. ഈ സിനിമയ്ക്ക് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്.

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസാണ് വല്യേട്ടന്‍ സംവിധാനം ചെയ്തത്. രഞ്ജിത്ത് ഇങ്ങനെയൊരു കഥ എഴുതിയത് തന്നെ മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണ്. വല്യേട്ടന് മുന്‍പ് രഞ്ജിത്ത്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രമാണ് നരസിംഹം. മോഹന്‍ലാല്‍ നായക വേഷത്തിലെത്തിയ നരസിംഹം അക്കാലത്ത് വമ്പന്‍ ഹിറ്റായി. മമ്മൂട്ടിയും നരസിംഹത്തില്‍ അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്.

നരസിംഹത്തിന്റെ സമയത്താണ് മമ്മൂട്ടി രഞ്ജിത്തിനോട് തനിക്ക് വേണ്ടിയും ഇങ്ങനെയൊരു മാസ് ആക്ഷന്‍ തിരക്കഥ എഴുതണമെന്ന് ആവശ്യപ്പെട്ടത്. ലാലിന് വേണ്ടി എഴുതിയ പോലെ ഒരെണ്ണം എനിക്കും വേണ്ടി എഴുത് എന്നായിരുന്നു മെഗാസ്റ്റാറിന്റെ ആവശ്യം. രഞ്ജിത്ത് അത് അനുസരിച്ചു. അങ്ങനെയാണ് വല്യേട്ടന്റെ തിരക്കഥ പിറക്കുന്നത്.

മാത്രമല്ല മറ്റൊരു രസകരമായ സംഭവവും ഈ ചിത്രത്തിനു പിന്നിലുണ്ട്. നരസിംഹത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ പോലെ വല്യേട്ടനില്‍ മോഹന്‍ലാലിനെ അതിഥി വേഷത്തില്‍ കൊണ്ടുവരാനും ആലോചനയുണ്ടായിരുന്നു. മോഹന്‍ലാല്‍ ഇതിനു സമ്മതിച്ചതുമാണ്. പക്ഷേ അത് നടന്നില്ല. ഷൂട്ടിങ്ങിനു തൊട്ടുമുന്‍പ് മോഹന്‍ലാലിന് ഒരു ഷോയ്ക്ക് വേണ്ടി വിദേശത്തേക്ക് പോകേണ്ടിവന്നു. അങ്ങനെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ ഒഴിവാക്കി തിരക്കഥയില്‍ മാറ്റം വരുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :