മലയാള സിനിമയില്‍ ഏറ്റവും നല്ല ട്രാക്ക് റെക്കോര്‍ഡുള്ള സംവിധായകനാണ് ഷാഫി. 11 സിനിമകള്‍ സംവിധാനം ചെയ്ത ഷാഫി അതില്‍ 10 ചിത്രങ്ങളും ഹിറ്റുകളാക്കി. ഒരേയൊരു സിനിമ മാത്രമാണ് ബോക്സോഫീസില്‍ ഏല്ക്കാതെ പോയത് - പൃഥ്വിരാജ് നായകനായ ‘ലോലിപോപ്പ്’!
2008 ഡിസംബറില്‍ പുറത്തിറങ്ങിയ ലോലിപോപ്പില്‍ പൃഥ്വിയെ കൂടാതെ കുഞ്ചാക്കോ ബോബന്, ജയസൂര്യ, ഭാവന, റോമ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാല്‍ ബെന്നി പി നായരമ്പലം തിരക്കഥയെഴുതിയ ഈ സിനിമ തിയേറ്ററുകളില്‍ തണുത്ത പ്രതികരണമാണ് ഉണ്ടാക്കിയത്. ക്ലൈമാക്സ് രംഗങ്ങള്‍ പ്രേക്ഷകര്‍ കൂവലോടെ സ്വീകരിച്ചപ്പോള്‍ ക്ലൈമാക്സിലെ കുറേഭാഗം മുറിച്ചുമാറ്റി. അപ്പോഴെന്തായി സ്ഥിതി, തലയും വാലുമില്ലാത്ത സിനിമയായി ‘ലോലിപോപ്പ്’ മാറി.
എന്നാല്‍ സംവിധായകന് ഷാഫി പറയുന്നത്, ലോലിപോപ്പ് ഒരു സാമ്പത്തിക ദുരന്തമായിരുന്നില്ല എന്നാണ്.
“ഞാന്‍ വര്‍ഷത്തില്‍ ഒരു ചിത്രം മാത്രമേ ചെയ്യാറുള്ളൂ. കഥയും തിരക്കഥയുമൊക്കെ വളരെ സമയമെടുത്താണ് എഴുതുക. പതിനൊന്നു സിനിമകളാണ് ഞാന്‍ സംവിധാനം ചെയ്തത്. അതില്‍ ലോലിപോപ്പ് ഒഴികെ മറ്റെല്ലാം സാമ്പത്തിക വിജയമായി. എന്നിരുന്നാലും ലോലിപോപ്പ് സാമ്പത്തികമായി ദുരന്തമായില്ല. മുടക്കുമുതല്‍ തിരിച്ചുപിടിച്ച സിനിമയായിരുന്നു അത്” - ഷാഫി വ്യക്തമാക്കുന്നു.
കല്യാണരാമന്, തൊമ്മനും മക്കളും, മായാവി, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന് തുടങ്ങിയ മെഗാഹിറ്റുകളുടെ സംവിധായകന് ലോലിപോപ്പിന്റെ കാര്യത്തില്‍ മാത്രം എവിടെയാണ് പിഴച്ചത്?
“ഞാനും കൂടി ചേര്‍ന്നു നിര്‍മ്മിച്ച സിനിമയായിരുന്നു ലോലിപോപ്പ്. യുവതാരങ്ങള്‍ മാത്രം അഭിനയിച്ച സിനിമയാണത്. പടം നല്ല കളര്ഫുളാകട്ടെ എന്ന് കരുതി വളരെ റിച്ച് ആയാണ് ഓരോ ഷോട്ടും എടുത്തത്. സ്വാഭാവികമായും പ്രതീക്ഷിച്ചതിലും കൂടുതല്‍ ചെലവായി” - ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഷാഫി വിശദമാക്കി.