തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ സമുദ്രക്കനി മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. സമുദ്രക്കനി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തവര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഒരു സാമൂഹ്യ വിപ്ലവത്തിന്റെ കഥയായിരിക്കും പറയുകയെന്ന സൂചന സമുദ്രക്കനി നല്കി. ഒപ്പം മികച്ച നര്‍മ്മ മുഹൂര്‍ത്തങ്ങളും ഹൃദയസ്പര്‍ശിയായ രംഗങ്ങളും ചിത്രത്തെ സമ്പന്നമാക്കും.
ഈ പ്രൊജക്ടിന്റെ ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. സമുദ്രക്കനിയുടെ തന്നെ തിരക്കഥയ്ക്ക് മലയാളത്തിലെ ഒരു പ്രശസ്ത തിരക്കഥാകൃത്ത് സംഭാഷണം രചിക്കും. ശിക്കാറിന്റെ ഷൂട്ടിംഗ് സമയത്താണ് മോഹന്‍ലാലിനോട് സമുദ്രക്കനി ഒരു സബ്ജക്ട് പറയുന്നത്. ഇത് മലയാളത്തില്‍ ചെയ്യാമെന്നുള്ള സമുദ്രക്കനിയുടെ തീരുമാനത്തെ ലാല്‍ സ്വാഗതം ചെയ്യുകയായിരുന്നു.
ചിത്രത്തിന്റെ തിരക്കഥാജോലികള്‍ ഉടന്‍ ആരംഭിക്കും. ശശികുമാറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ ‘പോരാളി’യുടെ തിരക്കിലാണിപ്പോള്‍ സമുദ്രക്കനി. പോരാളിക്ക് ശേഷം മോഹന്‍ലാല്‍ പ്രൊജക്ട് ആരംഭിക്കും.
ശിക്കാറില്‍ സമുദ്രക്കനി അവതരിപ്പിച്ച ഡോക്ടര്‍ അബ്ദുള്ള എന്ന കഥാപാത്രം ക്ലിക്കായതിനെ തുടര്‍ന്ന് മലയാളത്തിലെ പ്രമുഖ സംവിധായകര്‍ സമുദ്രക്കനിക്കായി കഥാപാത്രങ്ങളെ സൃഷ്ടിച്ചുതുടങ്ങിയിട്ടുണ്ട്. നാലോളം മലയാള ചിത്രങ്ങളിലേക്ക് നടനെന്ന നിലയില്‍ സമുദ്രക്കനി കരാര്‍ ഒപ്പിട്ടതായാണ് വിവരം.