സന്‍‌മനസുള്ളവന്‍ മമ്മൂട്ടി!

WEBDUNIA|
PRO
മമ്മൂട്ടിയെക്കുറിച്ച് പൊതുവെ ചില തെറ്റിദ്ധാരണകള്‍ പ്രചരിച്ചിട്ടുണ്ട്. ആള്‍ വലിയ തലക്കനമുള്ളവനാണ്, ജാ‍ഡക്കാരനാണ്, ആരെയും ബഹുമാനിക്കാത്തയാളാണ് എന്നൊക്കെ. മമ്മൂട്ടിയുടെ പരുക്കന്‍ പ്രകൃതം ഈ ആക്ഷേപങ്ങള്‍ ഒട്ടൊക്കെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മമ്മൂട്ടി എന്ന താരത്തിന്‍റെ മനുഷ്യത്വവും മാനുഷിക പരിഗണനകളും അനുഭവിക്കുന്നവര്‍ സിനിമാലോകത്തു തന്നെയുണ്ട്.

ഒരു ഉദാഹരണം പറയാം. ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ‘സീതാ കല്യാണം’ വര്‍ഷങ്ങളായി പെട്ടിയിലിരിക്കുന്ന ചിത്രമാണ്. ജയറാമും ജ്യോതികയും താരങ്ങളായ ഈ സിനിമ ഒരു വിവാഹദിനത്തിലുണ്ടാകുന്ന സംഭവങ്ങളുടെ രസകരമായ ആവിഷ്കാരമാണ്. മികച്ച കഥയും മലയാളത്തിലെയും തമിഴിലെയും സൂപ്പര്‍ അഭിനേതാക്കളുമുണ്ടായിട്ടും ഈ സിനിമ തിയേറ്ററുകളിലെത്തിക്കാന്‍ രാജീവ് കുമാറിന് കഴിഞ്ഞില്ല. അങ്ങനെയിരിക്കെ, ഇതാ മമ്മൂട്ടി ആരംഭിച്ച നിര്‍മ്മാണ - വിതരണക്കമ്പനിയായ ‘പ്ലേഹൌസ്’ സീതാ കല്യാണം പ്രദര്‍ശനത്തിനെത്തിക്കുകയാണ്.

ഇതില്‍ എന്താണിത്ര പറയാന്‍ എന്നല്ലേ? ‘സീതാകല്യാണം’ ഇഷ്ടപ്പെട്ടതു കൊണ്ട് മമ്മൂട്ടി വിതരണത്തിനെടുക്കുന്നു - ഒരു സാധാരണ സംഭവം. അങ്ങനെ തോന്നാം. എന്നാല്‍ മറ്റൊരു സംഭവം പറയാം. 2006ലെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. ജൂറി ചെയര്‍മാന്‍ സാക്ഷാല്‍ ടി കെ രാജീവ് കുമാര്‍. മികച്ച നടനാകാനുള്ള മത്സരത്തില്‍ രണ്ടു പേര്‍ - മമ്മൂട്ടിയും പൃഥ്വിരാജും. കറുത്ത പക്ഷികള്‍, കയ്യൊപ്പ്, പളുങ്ക് എന്നീ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ അഭിനയമാണ് ജൂറി പരിഗണിക്കുന്നത്. വാസ്തവത്തിലെ പൃഥ്വിയുടെ പ്രകടനവും പരിശോധിക്കുന്നു.
PRO


അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മമ്മൂട്ടിയെ പിന്തള്ളി പൃഥ്വി മികച്ച നടന്‍. ഈ അവാര്‍ഡു നിര്‍ണയത്തെപ്പറ്റി ഏറെ വിവാദങ്ങളും പരാതികളും അന്ന് ഉയര്‍ന്നു. കറുത്ത പക്ഷികളിലെയും കയ്യൊപ്പിലെയുമൊക്കെ മമ്മൂട്ടിയുടെ അഭിനയത്തിന്‍റെ അടുത്തെങ്ങും വാസ്തവത്തിലെ പൃഥ്വിയുടെ പ്രകടനം എത്തില്ല എന്നായിരുന്നു പ്രധാന പരാതി. ഏറെക്കുറെ സത്യവുമായിരുന്നു അക്കാര്യം.

ഈ അവാര്‍ഡു നിര്‍ണയത്തിനു ചുക്കാന്‍ പിടിച്ച രാജീവ് കുമാറിന്‍റെ സീതാകല്യാണമാണ് മമ്മൂട്ടി ഇപ്പോള്‍ വിതരണത്തിനെടുത്തിരിക്കുന്നത്. 2006ലെ അവാര്‍ഡു നിര്‍ണയം മമ്മൂട്ടി മനസില്‍ കൊണ്ടു നടന്നിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമോ? സന്‍‌മന്‍സുള്ളവന്‍ തന്നെയല്ലേ മലയാളികളുടെ ഈ സൂപ്പര്‍താരം?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :