‘പതിനഞ്ചു വയസുകാരിയുടെ അമ്മയായി അഭിനയിക്കാമോ?’ ഈ ചോദ്യവുമായി മലയാളത്തിലെയും ബോളിവുഡിലെയും നടിമാരുടെ ഓഫീസുകളില്‍ സംവിധായകന്‍ ജിത്തു ജോസഫ് അലഞ്ഞത് മാസങ്ങളോളമാണ്. എങ്ങുനിന്നും അനുകൂലമായ മറുപടി ലഭിക്കാതെ വന്നപ്പോള്‍ ‘മമ്മി ആന്‍റ് മി’ എന്ന തന്‍റെ സിനിമ ഉപേക്ഷിക്കേണ്ടിവരുമോ എന്നുപോലും ജിത്തു ഭയന്നു. എന്തായാലും ഒടുവില്‍ ആ ‘സാഹസ’ത്തിന് തയ്യാറായി മലയാളത്തിന്‍റെ പ്രിയപ്പെട്ട നടി ഉര്‍വ്വശി രംഗത്തെത്തിയതോടെയാണ് ജിത്തു ജോസഫിന് ശ്വാസം നേരെ വീണത്.
അര്‍ച്ചന കവി, ഉര്‍വ്വശി, കുഞ്ചാക്കോ ബോബന്‍, സുരേഷ് ഗോപി, മുകേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘മമ്മി ആന്‍റ് മി’ ചിത്രീകരണം പുരോഗമിക്കുകയാണ്. ഡിറ്റക്ടീവിന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു അമ്മയും മകളും തമ്മില്‍ നടക്കുന്ന രസകരമായ ഏറ്റുമുട്ടലുകളുടെ കഥയാണ് പറയുന്നത്. അര്‍ച്ചന കവിയുടെ അമ്മയായി അഭിനയിക്കാന്‍ ഒരു നടിയെത്തേടിയാണ് ജിത്തു ജോസഫിന് മാരത്തോണ്‍ ഓട്ടം നടത്തേണ്ടി വന്നത്.
ഉര്‍വ്വശിയെ അമ്മവേഷത്തില്‍ അഭിനയിപ്പിക്കാമെന്നു തന്നെയായിരുന്നു ജിത്തുവിന്‍റെ ആദ്യ തീരുമാനം. എന്നാല്‍ ‘ഉര്‍വ്വശി ഈ കഥാപാത്രം ചെയ്യാന്‍ തയ്യാറാകില്ല’ എന്ന് ചിലര്‍ ജിത്തുവിനെ ആദ്യമേ പറഞ്ഞു വിശ്വസിപ്പിച്ചു. അതോടെ പതിനഞ്ചുകാരിയുടെ അമ്മയാകാനുള്ള നടിയെത്തേടി ജിത്തുവിന്‍റെ പ്രയാണം ആരംഭിച്ചു.
ശോഭന, രേവതി, സുമലത, മീരാ വാസുദേവ്, ലക്‍ഷ്മി ഗോപാലസ്വാമി, നദിയാമൊയ്തു, ഭാനുപ്രിയ തുടങ്ങിയവരുടെ അടുത്ത് ജിത്തു ജോസഫ് ഈ കഥയുമായി എത്തിയെങ്കിലും ‘അമ്മയാകാന്‍ കഴിയില്ലെ’ന്നു പറഞ്ഞ് മടക്കി അയച്ചു. മലയാളത്തിലെയും തമിഴിലെയും ആരെയും ലഭിക്കില്ലെന്നായപ്പോള്‍ ജിത്തു ജോസഫ് ബോളിവുഡില്‍ ഒരു ശ്രമം നടത്തി.
ശ്രീദേവി, മനീഷ കൊയ്‌രാള, മാധുരി ദീക്ഷിത്, കൊങ്കണ സെന്‍ ശര്‍മ, ജൂഹി ചൌള, തബു തുടങ്ങിയവരും ജിത്തുവിനോട് ‘നോ’ തന്നെ പറഞ്ഞു. ഏറ്റവും ഒടുവിലാണ് ഉര്‍വ്വശിയോട് ജിത്തു കഥ പറയുന്നത്. കഥാപാത്രത്തിന്‍റെ പ്രത്യേകത മനസിലാക്കിയ ഉര്‍വ്വശി ഉടന്‍തന്നെ ഡേറ്റ് നല്‍കുകയും ചെയ്തു.