ഷാജി കൈലാസ് സംവിധാനം ചെയ്യാനിരുന്ന മമ്മൂട്ടി - സുരേഷ്ഗോപി പ്രൊജക്ട് ‘കിംഗ് ആന്റ് ദി കമ്മീഷണര്‍’ ഉപേക്ഷിച്ചതായി മലയാളം വെബ്ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. അതിനുപിന്നാലെ മറ്റൊരു മെഗാ പ്രൊജക്ട് കൂടി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും നായകന്മാരാക്കി ലാല്‍ ജോസ് ചെയ്യാനിരുന്ന ‘കസിന്‍സ്’ ആണ് വേണ്ടെന്നു വച്ചിരിക്കുന്നത്.
ലാല്‍ജോസ് അറബിക്കഥ ചെയ്യുന്ന കാലം മുതല്‍ ആലോചിച്ചുതുടങ്ങിയ പ്രൊജക്ടാണ് കസിന്‍സ്. ഇക്ബാല്‍ കുറ്റിപ്പുറത്തെ തിരക്കഥ ചെയ്യാന്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, അറബിക്കഥ കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കസിന്‍സ് ചെയ്യാന്‍ ലാല്‍ ജോസിന് കഴിഞ്ഞില്ല. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ഡേറ്റുകള്‍ ഒന്നിച്ചു ലഭിക്കാത്തതാണ് കാരണം.
അറബിക്കഥ കഴിഞ്ഞ് മുല്ല, നീലത്താമര, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ സിനിമകള്‍ ലാല്‍ ജോസ് ചെയ്തു. അപ്പോഴും കസിന്‍സ് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ ഒടുവില്‍ അടുത്തകാലത്തൊന്നും ആ സിനിമ നടക്കില്ലെന്ന് മനസിലാക്കിയ ലാല്‍ജോസ് സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ദിലീപിനെ നായകനാക്കി ഒരു സിനിമ ചെയ്യാനാണ് ലല് ജോസ് ഇപ്പോള്‍ ഒരുങ്ങുന്നത്. ബെന്നി പി നായരമ്പലമാണ് തിരക്കഥയെഴുതുന്നത്. ദിലീപ് - ബെന്നി - ലാല്‍ ജോസ് ടീമിന്റെ ‘ചാന്തുപൊട്ട്’ മെഗാഹിറ്റായിരുന്നല്ലോ. ആ വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് ലാല്‍ ജോസിന്റെ പ്രതീക്ഷ.