മുംബൈയില്‍ ജേര്‍ണലിസ്റ്റായ ഒരു പെണ്‍കുട്ടിയുമായി പൃഥ്വിരാജ് പ്രണയത്തിലാണെന്ന വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിക്കുകയും മണിക്കൂറുകള്‍ക്കകം പൃഥ്വി അത് നിഷേധിക്കുകയും ചെയ്തത് കഴിഞ്ഞ വാരമാണ്. ഈ വാര്‍ത്ത വന്നതോടെയാണ് ‘പൃഥ്വിയും സംവൃതയും പ്രണയത്തില്‍’ എന്ന വാര്‍ത്തയ്ക്ക് അല്‍പ്പം അറുതി വന്നത്. ഇപ്പോഴിതാ സംവൃത പറയുന്നു - ഞങ്ങള്‍ തമ്മില്‍ ഏറെ അടുത്തറിയുന്നവരാണ്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ കഴിയുന്നത്!
“ഞാനും രാജുവും ഒരുമിച്ചഭിനയിക്കുമ്പോള്‍ നല്ലൊരു കെമിസ്ട്രി ഉണ്ടാകുന്നു. അതിന് കാരണം ഞങ്ങള്‍ തമ്മില്‍ അടുത്തറിയുന്നതുകൊണ്ടാണ്. കൂടുതല്‍ അടുത്തറിയുമ്പോഴാണ് കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ കഴിയുക. രാജുവിന്റെ നായികയായി അഭിനയിക്കുമ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആണ്. അടുപ്പിച്ച് ചില സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്ത പ്രചരിച്ചു. ഇക്കാര്യത്തേക്കുറിച്ച് ഒരുപാടുപേര് എന്നോടു ചോദിച്ചിട്ടുണ്ട്. ഞാനും രാജുവും തമ്മില്‍ പ്രണയത്തിലല്ല എന്നത് സത്യമാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്” - സംവൃത വ്യക്തമാക്കുന്നു.
“രാജുവിന്റെ കുടുംബവുമായി നല്ലൊരു ബന്ധമാണ് എനിക്ക് ഉള്ളത്. രാജുവിനെ സംബന്ധിച്ച് ജോലിയാണ് പ്രധാനം. ആത്മാര്ത്ഥതതും കഠിനാധ്വാനവുമാണ് രാജുവിന്റെ വിജയത്തിന് കാരണം. എന്തായാലും, പ്രണയിക്കാന്‍ മൂഡുള്ള ആളല്ല ഞാന്‍. എന്നില്‍ നിന്ന് ഒരു പ്രണയവിവാഹം പ്രതീക്ഷിക്കേണ്ടതില്ല. എന്റെ അച്ഛനും അമ്മയും നിശ്ചയിക്കുന്ന ആളെ ഞാന്‍ വിവാഹം കഴിക്കും.” - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംവൃത നയം വ്യക്തമാക്കി.