രാജാവിന്റെ മകന് - സുരേഷ്ഗോപി തിരക്കഥ വായിക്കുന്നു
WEBDUNIA|
PRO
‘രാജാവിന്റെ മകന്’ അണിയറയില്‍ ഒരുങ്ങുകയാണ്. അധോലോകത്തിന്റെ അധിപന് വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ വീണ്ടും വരുന്നു. വിന്‍സന്റ് ഗോമസിനെ സഹായിക്കാന്‍ കുമാറുമുണ്ട്. കുമാറിനെ ഓര്‍മ്മയില്ലേ? വിന്‍സന്റ് ഗോമസിന്റെ വിശ്വസ്തന്. സുരേഷ്ഗോപി അനശ്വരമാക്കിയ കഥാപാത്രം. ക്രിസ്ത്യന്‍ ബ്രദേഴ്സിന് ശേഷം മോഹന്‍ലാലും സുരേഷ്ഗോപിയും ഒനിക്കുന്ന ചിത്രമാണ് രാജാവിന്റെ മകന്.
‘ഞെട്ടിക്കുന്ന സിനിമ’യായിരിക്കും രാജാവിന്റെ മകനെന്ന് സുരേഷ്ഗോപി പറയുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഡെന്നിസ് ജോസഫാണ്. കൊച്ചിയിലെ ഒരു കേന്ദ്രത്തില്‍ ഡെന്നിസ് ജോസഫ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി. മോഹന്‍ലാല്‍ തിരക്കഥ വായിച്ച് ‘ഒ കെ’ പറഞ്ഞു. വെള്ളിയാഴ്ച സുരേഷ്ഗോപി തിരക്കഥ വായിക്കും. സുരേഷും അംഗീകരിച്ചാല്‍ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
“രാജുമോന് ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്. പിന്നീട് അവന് എന്നെ കളിയാക്കി വിളിച്ചു - പ്രിന്‍സ്. അതേ, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്” - മലയാളികളെ കോരിത്തരിപ്പിച്ച ഡയലോഗുകള്‍ രാജാവിന്റെ മകന് റീമേക്കില്‍ പുനരവതരിപ്പിക്കും.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ‘രാജാവിന്റെ മകന്’ എന്ന പ്രസ്റ്റീജ് പ്രൊജക്ടുമായി വരുമ്പോള്‍ ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. 1986ല്‍ റിലീസായ ചിത്രമായിരുന്നു രാജാവിന്റെ മകന്. മോഹന്‍ലാലിന് മലയാളം താരചക്രവര്‍ത്തിയുടെ സിംഹാസനം നല്‍കിയത് ആ ചിത്രത്തോടെയാണ്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് ചരിത്രമായി മാറിയ ആ സിനിമയുടെ തുടര്‍ച്ചയല്ല, ചിത്രത്തിന്റെ റീമേക്കാണ് അണിയറയില്‍ ഒരുങ്ങുന്നത്.
രാജാവിന്റെ മകന്റെ തുടര്‍ച്ചയോ ആദ്യഭാഗമോ എടുക്കാനായിരുന്നു അണിയറക്കാര്‍ ആദ്യം ആലോചിച്ചത്. എന്നാല്‍ റീമേക്ക് മതി എന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. പുതിയ ചിത്രത്തില്‍ വിന്‍സന്റ് ഗോമസ് അധോലോക നായകനല്ല. അധോലോക പ്രവര്‍ത്തനങ്ങളെല്ലാം അവസാനിപ്പിച്ചവനാണ്.
മോഹന്‍ലാലിന്റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും സൂപ്പര്‍ ഡയലോഗുകളും ഈ സിനിമയുടെയും പ്രത്യേകതയായിരിക്കും. തമ്പി കണ്ണന്താനം, ഡെന്നിസ് ജോസഫ് എന്നിവരുടെ തിരിച്ചുവരവു കൂടിയായിരിക്കും രാജാവിന്റെ മകനിലൂടെ സംഭവിക്കുന്നത്.
“മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും” - വിന്‍സന്റ് ഗോമസ് വീണ്ടും പറയും. കോരിത്തരിപ്പോടെ മലയാളത്തിന്റെ പ്രേക്ഷകര്‍ ആ പ്രിയപ്പെട്ട കഥാപാത്രത്തെ വരവേല്‍ക്കും. കാത്തിരിക്കുക!