പ്രശസ്ത തെന്നിന്ത്യന്‍ നടിയായ മോഹിനിയും ഭര്‍ത്താവ് ഭരതും സമര്‍പ്പിച്ചിരുന്ന വിവാഹമോചനത്തിനായുള്ള അപേക്ഷ ചെന്നൈ കുടുംബക്കോടതി തള്ളി. വിവാഹമോചന കേസിന്റെ വിചാരണയ്ക്കായി ഹാജരാവാന്‍ ഇരുവരോടും കോടതി ആവശ്യപ്പെട്ടെങ്കിലും തുടര്‍ച്ചയായി ഇവര്‍ ഹാജരായില്ല എന്നതിനാലാണ് കേസ് തള്ളാന്‍ കോടതി തീരുമാനിച്ചത്.
മോഹിനി(യഥാര്‍ത്ഥ പേര് മഹാലക്ഷ്മി)യുടെ വിവാഹം നടന്നത് 2004ല്‍ ആയിരുന്നു. മോഹിനിക്കും ഭരതിനും ഒരു മകനുമുണ്ട്. മോഹിനിക്കും ഭരതിനും ഇടയില്‍ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വലുതാവുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിവാഹമോചനം നടത്താമെന്ന് ഇരുവരും തീരുമാനം എടുത്തത്.
ചെന്നൈ കുടുംബകോടതിയില്‍ രണ്ടുപേരും പ്രത്യേകം വിവാഹമോചനത്തിനുള്ള അപേക്ഷകള്‍ നല്‍കിയിരുന്നു. കേസ് വിചാരണയുടെ ആദ്യഘട്ടങ്ങളില്‍ ഇരുവരും കോടതിയില്‍ ഹാജരായെങ്കിലും തുടര്‍ന്ന് വരാതാവുകയായിരുന്നു. ഹാജരാവാന്‍ ആവശ്യപ്പെട്ട് നാലുപ്രാവശ്യം കോടതി നോട്ടീസ് അയച്ചുവെങ്കിലും ഇരുവരും വരികയുണ്ടായില്ല. തുടര്‍ന്ന് കേസ് തള്ളാന്‍ കോടതി നിര്‍ബന്ധിതമാവുകയായിരുന്നു.
തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ നാടോടി എന്ന സിനിമയിലൂടെയാണ് മോഹിനി മലയാളത്തില്‍ എത്തുന്നത്. തുടര്‍ന്ന് മമ്മൂട്ടിയും ദിലീപുമടക്കമുള്ള പ്രധാന മലയാളി നായകന്മാരോടൊപ്പം പതിനെട്ടോളം സിനിമകളില്‍ മോഹിനി വേഷമിട്ടിട്ടുണ്ട്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും മോഹിനി അഭിനയിച്ചിരുന്നു. ഈറമാന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന മോഹിനി ഡാന്‍സര്‍ എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
WEBDUNIA|
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഇന്നത്തെ ചിന്താവിഷയത്തിലാണ് മോഹിനി മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്.