മോഹന്‍ലാലിനെ നായകനാക്കി ഉദയ്കൃഷ്ണയും സിബി കെ തോമസും പുതിയൊരു തിരക്കഥയുടെ പണിപ്പുരയിലാണ്. ‘ആറുമുതല്‍ അറുപതുവരെ’ എന്നാണ് സിനിമയുടെ പേര്. സംവിധാനം ജോണി ആന്റണി. ജോയ് തോമസ് ശക്തികുളങ്ങരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് 10ന് ആരംഭിക്കും. മുംബൈ, മെര്‍ക്കാറ, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം.
‘ആറുമുതല്‍ അറുപതുവരെ’യിലൂടെ ഒരു തകര്‍പ്പന്‍ കോമഡി എന്റര്ടെയ്നര് ആണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ഈ സിനിമ മോഹന്‍ലാലിന്റെ ആരാധകര്‍ക്കുള്ള സമ്മാനമായിരിക്കും. ഒരു ‘തരിപ്പന്‍ സിനിമ’യെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെ പരിചയപ്പെടുത്തുന്നത്.
ഒരു ക്രിസ്ത്യന്‍ കൂട്ടുകുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. കിലുക്കം കിലുകിലുക്കം, ട്വന്റി 20, ക്രിസ്ത്യന്‍ ബ്രദേഴ്സ് - ഈ മൂന്ന് സിനിമകളാണ് മോഹന്‍ലാലിനുവേണ്ടി ഉദയ്കൃഷ്ണയും സിബി കെ തോമസും എഴുതിയിട്ടുള്ളത്. ഇതില്‍ കിലുക്കം കിലുകിലുക്കം പരാജയമായപ്പോള്‍ മറ്റ് രണ്ടും ബ്ലോക്ക് ബസ്റ്ററുകളായി.
സമീപകാലത്ത് അറബീം ഒട്ടകോം പി മാധവന് നായരും, ചൈനാ ടൌണ്‍ എന്നിവയാണ് മോഹന്‍ലാലിന്റേതായി പുറത്തുവന്ന സമ്പൂര്‍ണ കോമഡിച്ചിത്രങ്ങള്‍. ഇവ ബോക്സോഫീസില്‍ വലിയ വിജയം സൃഷ്ടിച്ചിരുന്നില്ല.
വാല്‍ക്കഷണം: മാട്ടുപ്പെട്ടി മച്ചാന്, ഉദയപുരം സുല്‍ത്താന്‍, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ദോസ്ത്, സി ഐ ഡി മൂസ, പുലിവാല് കല്യാണം, റണ്‍വേ, ലയണ്‍, തുറുപ്പുഗുലാന്‍, ട്വന്റി20, പോക്കിരിരാജ, കാര്യസ്ഥന്, ക്രിസ്ത്യന്‍ ബ്രദേഴ്സ്, മായാമോഹിനി എന്നിവയാണ് സിബി - ഉദയന്‍ ടീം എഴുതിയ മെഗാഹിറ്റുകള്‍. സി ഐ ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പുഗുലാന്‍, ഇന്‍സ്പെക്ടര്‍ ഗരുഡ്, ഈ പട്ടണത്തില്‍ ഭൂതം എന്നീ തിരക്കഥകള്‍ ഇവര്‍ ജോണി ആന്റണിക്കുവേണ്ടി എഴുതിയിട്ടുണ്ട്. ഇവരുടെ പുതിയ സിനിമയായ ‘കമ്മത്ത് ആന്റ് കമ്മത്ത്’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയിട്ടുണ്ട്. യാത്രി ജെസെന്‍ എഴുതിയ നിരൂപണം ഇവിടെ വായിക്കാം.