ഷാരുഖ് ഖാന് സന്തോഷവാനല്ല. രാ-വണ്‍, ഡോണ്‍ - 2 എന്നീ സിനിമകള്‍ വേണ്ടത്ര വിജയിക്കാത്തതാണ് കാരണം. ഈ രണ്ടു ചിത്രങ്ങള്‍ക്കുവേണ്ടിയും ഷാരുഖ് മാനസികമായും ശാരീരികമായും ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്രയും അധ്വാനിച്ചതിന് അര്‍ഹിക്കുന്ന ബോക്സോഫീസ് വിജയം ഇരുചിത്രങ്ങളും സ്വന്തമാക്കിയില്ല.
ഷാരുഖ് ഖാന് ഒരു മാസ് വിജയം ഏറ്റവും അനിവാര്യമാണ്. എതിരാളിയായ സല്മാന് ഖാന്റെ ഓരോ ചിത്രവും അനായാസമായി 100 കോടിക്കുമേല്‍ കളക്ഷന്‍ നേടുന്ന സമയം കൂടിയാണിത്. ‘കിംഗ് ഖാന്’ എന്ന പേര് നിലനിര്‍ത്തണമെങ്കില്‍ അത്രയും നല്ല ഒരു പ്രൊജക്ടില്‍ ഇനി അഭിനയിക്കണം.
‘ഗജിനി’ ചെയ്ത എ ആര് മുരുഗദോസിനെയാണ് വന്‍ വിജയം ലക്ഷ്യമിട്ട് ഷാരുഖ് ഖാന് സമീപിച്ചിരിക്കുന്നത്. മുരുഗദോസ് തമിഴില്‍ തകര്‍പ്പന്‍ ഹിറ്റാക്കിയ ‘രമണ’യുടെ ഹിന്ദി റീമേക്കാണ് ഷാരുഖ് ഉദ്ദേശിക്കുന്നത്. എന്തായാലും ഐഡിയ ഇഷ്ടപ്പെട്ട മുരുഗദോസ് തിരക്കഥ തയ്യാറാക്കി. തിരക്കഥ വായിച്ചുകേട്ട പ്രമുഖ സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലി ചിത്രം നിര്‍മ്മിക്കാമെന്ന് ഏല്ക്കുകയും ചെയ്തു.
250 കോടി രൂപയ്ക്ക് മേല്‍ കളക്ഷന്‍ നേടിയ ഹിന്ദി ചിത്രമാണ് ഗജിനി. ആ സിനിമയുടെ വിജയത്തോടെ മുരുഗദോസിന്റെ ചിത്രത്തിലഭിനയിക്കാന്‍ ബോളിവുഡ് താരങ്ങള്‍ മത്സരിക്കുകയാണ്. എന്തായാലും മുരുഗദോസിന്റെ അടുത്ത ഹിന്ദി ചിത്രം സ്വന്തമാക്കിയതിലൂടെ ഒരു മെഗാഹിറ്റ് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഷാരുഖ്. ഐശ്വര്യ റായി ഈ സിനിമയിലൂടെ വീണ്ടും ബോളിവുഡില്‍ സജീവമാകുമെന്നാണ് സൂചന.
2002 നവംബര്‍ നാലിന് പുറത്തിറങ്ങിയ ‘രമണ’യില്‍ വിജയകാന്തായിരുന്നു നായകന്. അഴിമതിക്കെതിരെ പോരാടുന്ന രമണ എന്ന കഥാപാത്രത്തെയാണ് വിജയകാന്ത് അവതരിപ്പിച്ചത്. ആ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ വിജയമായിരുന്നു രമണ.