മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഗോദയില്‍

WEBDUNIA|
PRO
ക്രിസ്ത്യന്‍ ബ്രദേഴ്സ്, ആഗസ്റ്റ് 15 എന്നീ സിനിമകള്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം മോഹന്‍ലാലിന്. ക്രിസ്ത്യന്‍ ബ്രദേഴ്സ് വന്‍ ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ മമ്മൂട്ടിയുടെ ആഗസ്റ്റ് 15 കിതയ്ക്കുകയാണ്. വൈഡ് റിലീസ് ക്രിസ്ത്യന്‍ ബ്രദേഴ്സിനുണ്ടാക്കിയ നേട്ടം ചെറുതല്ല. ചിത്രം കോടികളുടെ ലാഭം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വൈഡ് റിലീസ് ആഗസ്റ്റ് 15ന് ദോഷം ചെയ്യുന്നതാണ് കാണാനാകുന്നത്. ത്രില്ലടിപ്പിക്കാത്ത ത്രില്ലര്‍ എന്ന് ആഗസ്റ്റ് 15നെ വിശേഷിപ്പിക്കാം.

എന്തായാലും അധികം വൈകാതെ മമ്മൂട്ടി - മോഹന്‍ലാല്‍ പോരാട്ടത്തിന് മലയാളികള്‍ വീണ്ടും സാക്‍ഷ്യം വഹിക്കും. ഏപ്രില്‍ 14 വിഷു ദിനത്തിലാണ് മലയാളത്തിന്‍റെ അഭിമാനമായ താരരാജാക്കന്‍‌മാര്‍ വീണ്ടും മുഖത്തോടുമുഖം വരുന്നത്. മമ്മൂട്ടിയുടെ ഡബിള്‍സ്, മോഹന്‍ലാലിന്‍റെ ചൈനാ ടൌണ്‍ എന്നിവയാണ് വിഷുദിനത്തില്‍ പോരാട്ടത്തിനെത്തുന്നത്.

‘കോമഡി ഫെസ്റ്റിവല്‍’ എന്ന് ചൈനാ ടൌണിനെ വിശേഷിപ്പിക്കാം. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ചിരിയുടെ തമ്പുരാക്കന്‍‌മാരായ ജയറാമും ദിലീപും അഭിനയിക്കുന്നു. ചിത്രത്തിന്‍റെ അവസാനഘട്ട ജോലികള്‍ മോഹന്‍ലാലിന്‍റെ സ്റ്റുഡിയോയായ വിസ്മയയില്‍ പുരോഗമിക്കുകയാണ്. മാക്സ് ലാബാണ് ചൈനാടൌണ്‍ വിതരണത്തിനെത്തിക്കുന്നത്. കാവ്യാമാധവനാണ് ഈ സിനിമയില്‍ മോഹന്‍ലാലിന്‍റെ നായിക.

മമ്മൂട്ടിയുടെ ഡബിള്‍സ് ഒരു ഇമോഷണല്‍ ഡ്രാമയാണ്. ധാരാളം നര്‍മ്മ മുഹൂര്‍ത്തങ്ങളും അടങ്ങിയിരിക്കുന്നു. മമ്മൂട്ടിയുടെ സഹോദരിയായി നദിയാ മൊയ്തു അഭിനയിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഡബിള്‍സില്‍ മമ്മൂട്ടിയുടെ നായിക തെന്നിന്ത്യയുടെ പുതിയ ഹരമായ തപസിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :