Last Modified വ്യാഴം, 14 ജനുവരി 2016 (20:57 IST)
ഇത് മമ്മൂട്ടിക്കോ മോഹന്‍ലാലിനോ പൃഥ്വിരാജിനോ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത വിജയമാണ്. ഒരു മലയാളചിത്രം ഇത്രയധികം നാള്‍ ചെന്നൈയില്‍ പ്രദര്‍ശിപ്പിക്കുക എന്നത്. മമ്മൂട്ടിയുടെ സി ബി ഐ ഡയറിക്കുറിപ്പും ബല്‍റാമുമൊക്കെ ഏറെനാള്‍ പ്രദര്‍ശിപ്പിച്ചു എങ്കിലും ഇങ്ങനെയൊരു സംഭവം ആദ്യമാണ്. നിവിന്‍ പോളിയുടെ ‘പ്രേമം’ എന്ന ചിത്രം 230 ദിവസം പിന്നിട്ടും യാത്ര തുടരുന്നു!
ചെന്നൈയിലെ എസ്കേപ്പ് സിനിമാസില്‍ ഈ സിനിമയുടെ പ്രദര്‍ശനം കഴിഞ്ഞ ദിവസം അവസാനിപ്പിക്കാനിരുന്നതാണ്. എന്നാല്‍ പ്രേക്ഷകരുടെ തള്ളിക്കയറ്റം കാരണം തിയേറ്ററുകാര്‍ക്ക് തീരുമാനം മാറ്റേണ്ടിവന്നു. പ്രേമത്തിന്‍റെ പ്രദര്‍ശനം തുടരും. ഇനിയും എത്രനാള്‍ ഈ ചിത്രം ചെന്നൈയിലുണ്ടാകുമെന്ന് പറയാനും തിയേറ്ററുകാര്‍ക്ക് കഴിയുന്നില്ല.
അസാധാരണമായ ഒരു സംഭവമാണിത്. ഈ സിനിമയ്ക്ക് ചെന്നൈയില്‍ ലഭിച്ച ജനപ്രീതി മുമ്പൊരു മലയാള സിനിമയ്ക്കും ഉണ്ടായിട്ടില്ല. എല്ലാ ആഴ്ചയും റിലീസാകുന്ന അസംഖ്യം തമിഴ് ചിത്രങ്ങള്‍ക്കിടയില്‍ ഒരു മലയാള ചിത്രം 25 നാളുകള്‍ തികച്ചാല്‍ തന്നെ അത് വലിയ കാര്യമാണ്. അപ്പോഴാണ് പ്രേമം ഇരുനൂറ്റമ്പതാം നാളിലേക്ക് കടക്കുന്നത്.
പ്രേമം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ പല പ്രമുഖ സംവിധായകരും ശ്രമിച്ചതാണ്. എന്നാല്‍ ദയവുചെയ്ത് റീമേക്ക് ചെയ്യരുതെന്ന് തമിഴ് പ്രേക്ഷകര്‍ തന്നെയാണ് അഭ്യര്‍ത്ഥിക്കുന്നത്. അവര്‍ക്ക് ഈ ഒറിജിനല്‍ അത്രയ്ക്ക് ഇഷ്ടമായിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രേമത്തിന് ഒരു തമിഴ് റീമേക്ക് ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് റീമേക്കിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നുണ്ട്.
അതേസമയം, പ്രേമത്തിന്‍റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്‍റെ അടുത്ത ചിത്രത്തിന്‍റെ ജോലികളിലേക്ക് കടന്നു. തമിഴ് താരം അരുണ്‍ വിജയ് ആണ് ചിത്രത്തിലെ നായകന്‍.