പൃഥ്വി കാണിച്ചത് നെറികേട്: സുനില്‍ പരമേശ്വരന്‍

WEBDUNIA|
PRO
യുവ സൂപ്പര്‍താരം പൃഥ്വിരാജിനെതിരെ തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍ രംഗത്ത്. വാക്കിനു മൂല്യമില്ലാത്ത നടനാണ് പൃഥ്വിയെന്ന് സുനില്‍ തുറന്നടിച്ചു. ഒരു പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിനെതിരെ ‘അനന്തഭദ്ര’ത്തിന്‍റെ തിരക്കഥാകൃത്ത് രംഗത്തെത്തിയത്. താന്‍ തിരക്കഥയെഴുതുന്ന ‘മാടന്‍ കൊല്ലി’ എന്ന ചിത്രത്തില്‍ നിന്ന് പൃഥ്വി അവസാന നിമിഷം പിന്‍‌മാറിയതാണ് സുനില്‍ പരമേശ്വരനെ ചൊടിപ്പിച്ചത്.

മാടന്‍ കൊല്ലി എന്ന നോവല്‍ സിനിമയാക്കാന്‍ നിര്‍മ്മാതാവ് വൈശാഖ് രാജനും സംവിധായകന്‍ മേജര്‍ രവിയും തയ്യാറായി. ആ കഥയിലെ ദേവദത്തന്‍ നരസിംഹന്‍ എന്ന ദുര്‍മന്ത്രവാദിയെ അവതരിപ്പിക്കാമെന്ന് പൃഥ്വിരാജും ഏറ്റു. കഴിഞ്ഞ ഡിസംബര്‍ 20 മുതല്‍ ആ ചിത്രത്തിന് ഡേറ്റ് തന്ന് അഡ്വാന്‍സും വാങ്ങി. മറ്റ് താരങ്ങള്‍ക്ക് അഡ്വാന്‍സ് കൊടുക്കുകയും ഗിരീഷ് പുത്തഞ്ചേരി - എം ജയചന്ദ്രന്‍ ടീം അഞ്ച് ഗാനങ്ങളൊരുക്കുകയും ചെയ്തു. ചിത്രീകരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി, ലൊക്കേഷനുകളും ഫിക്സ് ചെയ്തു. എന്നാല്‍, ഡിസംബര്‍ 20ന് പൃഥ്വിരാജ് വേറൊരു സിനിമയ്ക്ക് ഡേറ്റ് കൊടുത്തു - സുനില്‍ പരമേശ്വരന്‍ വ്യക്തമാക്കി.

"മലയാള സിനിമയെ ചതിക്കുകയാണ് പൃഥ്വിരാജ് ചെയ്തത്. ലോകോത്തര സിനിമയെക്കുറിച്ച് സംസാരിച്ചിട്ടോ ടിവി ചാനലുകളില്‍ പ്രസംഗിച്ചു നടന്നിട്ടോ കാര്യമില്ല. വാക്കിന് വില കല്‍പ്പിക്കണം. ഇതിനെ നെറികേടെന്നേ പറയാന്‍ കഴിയൂ. മലയാള സിനിമയോടും സംവിധായകരോടും ടെക്നീഷ്യന്‍‌മാരോടുമുള്ള ദ്രോഹമാണ് പൃഥ്വിരാജ് ചെയ്തത്. കഥ കേട്ട് ഇഷ്ടപ്പെട്ട്, ഡേറ്റും തന്ന് അഡ്വാന്‍സും വാങ്ങിയശേഷം ഇത്തരം നെറികേട് കാട്ടുന്നത് വിശ്വാസവഞ്ചനയാണ്” - സുനില്‍ പരമേശ്വരന്‍ പറയുന്നു.

ഇതൊക്കെ തുറന്നു പറയുന്നതു കൊണ്ട് എനിക്ക് മലയാളത്തില്‍ വേറെ സിനിമ കിട്ടില്ല എന്ന് ഞാന്‍ ഭയപ്പെടുന്നില്ല. ഞാന്‍ എടുക്കുന്ന സിനിമയില്‍ പൃഥ്വിരാജ് തന്നെ നായകനാകണം എന്നും എനിക്കില്ല. മോഹന്‍ലാലിനെപ്പോലുള്ള നടന്‍‌മാര്‍ക്ക് സിനിമയോടുള്ള ആത്മാര്‍ത്ഥതയും അര്‍പ്പണവും ഇവര്‍ കണ്ടുപഠിക്കണം - സുനില്‍ പരമേശ്വരന്‍ ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :