BIJU|
Last Updated:
തിങ്കള്‍, 5 ജൂണ്‍ 2017 (16:11 IST)
മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമായ പുലിമുരുകന് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതായി സൂചന. മലയാളത്തിന്റെ പ്രിയസംവിധായകന് സിദ്ദിക്ക് ഈ സിനിമ സംവിധാനം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ അനശ്വരമാക്കിയ മുരുകനെ ഹിന്ദിയില്‍ സല്മാന് ഖാനാണ് അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍.
മലയാളത്തില്‍ നിന്ന് 150 കോടി ക്ലബിലെത്തിയ ആദ്യ സിനിമയാണ് പുലിമുരുകന്. ദക്ഷിണേന്ത്യന്‍ സിനിമകളുടെ റീമേക്കുകള്‍ ചെയ്യാന്‍ എന്നും തല്‍പ്പരനാണ് സല്മാന് ഖാന്. മലയാളത്തില്‍ നിന്ന് ബോഡിഗാര്‍ഡ് സല്മാന് ഖാന് ഹിന്ദിയില്‍ അവതരിപ്പിക്കുകയും അത് മെഗാഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്.
ബോഡിഗാര്‍ഡ് ഹിന്ദിയിലും ഒരുക്കിയത് സിദ്ദിക്കാണ്. എന്തായാലും പുലിമുരുകന് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ അത് സിദ്ദിക്ക് തന്നെ ചെയ്യണമെന്ന താല്‍പ്പര്യം സല്മാന് ഉണ്ടെന്നാണ് സൂചനകള്‍.
എന്നാല്‍ സിദ്ദിക്ക് അതിന് തയ്യാറാകുമോ എന്ന് വ്യക്തമായിട്ടില്ല. മലയാളത്തില്‍ അതിഗംഭീരമായി പുലിമുരുകന് ഒരുക്കിയ വൈശാഖ് തന്നെ ഇതിന്റെ റീമേക്കുകളും ചെയ്യട്ടെ എന്ന് സിദ്ദിക്ക് നിലപാട് സ്വീകരിക്കാനാണ് സാധ്യത.