aparna|
Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2017 (11:17 IST)
1980കളില്‍ റിലീസ് ചെയ്ത സിനിമകളില്‍ മിക്കതിലും മമ്മൂട്ടി, മോഹന്‍ലാല്‍, രതീഷ്, ടി ജി രവി എന്നിവര്‍ ഉണ്ടാകുമായിരുന്നു. സിനിമകള്‍ സൂപ്പര്‍ഹിറ്റുമാകുമായിരുന്നു. ക്യാമറക്ക് മുന്നില്‍ എത്തുമ്പോള്‍ മൂവരും നായകന്മര്‍ ആകുമ്പോള്‍ ടി ജി രവി മാത്രം വില്ലനാകും. അതായിരുന്നു അന്നത്തെ കാലം. വളരെ അടുപ്പമായിരുന്നു ടി ജി രവിക്ക് മമ്മൂട്ടിയുമായി ഉണ്ടായിരുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ സജീവമായപ്പോള്‍ ടി ജി രവിയെ ഇടക്കാലത്തേക്ക് കാണാനില്ലായിരുന്നു. സിനിമയില്‍ നിന്നും അദ്ദേഹം ഒരു അവധിയെടുത്തിരുന്നു. ഈ അവധി പിന്നീട് അവസാനിച്ചത് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അതും ഒരു മമ്മൂട്ടി ചിത്രത്തിലൂടെ.
ടി ജി രവി ഇല്ലാതിരുന്ന 14 വര്‍ഷങ്ങള്‍ കൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളായി വളര്‍ന്നിരുന്നു. മമ്മൂട്ടിയുടെ പ്രജാപതി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ തലേന്ന് തനിക്ക് നല്ല ടെന്‍ഷന്‍ ആയിരുന്നുവെന്ന് ടി ജി രവി തന്നെ വ്യക്തമാക്കിയിരുന്നു.
പഴയ വാടാ പോടാ ബന്ധം ഇപ്പോഴും ഉണ്ടാകുമോ എന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു. മൈന്‍ഡ് ചെയ്തില്ലെങ്കില്‍ വിഷമമാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, അദ്ദേഹത്തെ പോലും അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു മെഗാസ്റ്റാര്‍ രവിയെ സ്വീകരിച്ചത്. കണ്ടയുടന്‍ വന്ന് കെട്ടിപ്പിടിച്ചു, കുറെ നാളായി കണ്ടിട്ടെന്ന് പറഞ്ഞ് വിശേഷങ്ങള്‍ പങ്കുവെച്ചു. മമ്മൂട്ടി എന്ന നടന്‍ മാറിയെങ്കിലും ആ പഴയ സൌഹൃദത്തിന് ഒരു മാറ്റവും ഉണ്ടായില്ലെന്ന് ടി ജി രവി വ്യക്തമാക്കുകയും ചെയ്തിരുന്നു.