സജിത്ത്|
Last Modified ബുധന്‍, 21 ജൂണ്‍ 2017 (16:05 IST)
കൊച്ചിയില്‍ പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ വലിയ
ഗൂഢാലോചന നടന്നിട്ടുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളാണ് കഴിഞ്ഞ രണ്ട് ദിവസമായി പുറത്ത് വരുന്നത്. നിലവില്‍ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ആ സത്യം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പൊലീസിന് ഒന്നും തെളിയിക്കാന്‍ സാധിച്ചില്ലെങ്കിലും ആ സത്യം മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും. അതിനുള്ള ഒരുക്കത്തിലാണ് വനിതാ താരസംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
മലയാള സിനിമാ മേഖലയെ അടക്കിവാഴുന്ന പുരുഷാധിപത്യത്തെ ചെറുക്കാന്‍ വേണ്ടിയാണ് മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ വനിതാ താരസംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് രൂപീകരിച്ചത്. മഞ്ജു വാര്യര്‍, പാര്‍വ്വതി, റിമ കല്ലിങ്കല്‍ തുടങ്ങിയവരെപ്പോലുള്ള സിനിമയിലെ പ്രമുഖ വനിതകളാണ് ഈ സംരംഭത്തിന് പിന്നില്‍. കൊച്ചിയില്‍ വെച്ച് പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ താരസംഘടനയായ അമ്മ പോലും വെറുമൊരു പ്രതിഷേധക്കൂട്ടായ്മ സംഘടപ്പിക്കുകമാത്രമാണ് ചെയ്തത്. അതോടെതീര്‍ന്നു അവരുടെ പ്രതിഷേധങ്ങള്‍.
എന്നാല്‍ മഞ്ജു വാര്യരാണ് ആ സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത്. പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന പുതിയ വിവരങ്ങളും അത്തരമൊരു ഗൂഢാലോചനയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവവും അതിന് പിന്നില്‍ നടന്ന കളികളും സിനിമയാക്കാന്‍ ഒരുങ്ങുകയാണത്രേ മഞ്ജു വാര്യരും സംഘവും. മലയാള സിനിമയിലെ പ്രമുഖരായ താരങ്ങളെ ഉള്‍പ്പെടുത്തിയായിരിക്കും ഈ സിനിമയെടുക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഈ സിനിമയില്‍ പള്‍സര്‍ സുനി എന്തിനുവേണ്ടിയാണ്, ആര്‍ക്കുവേണ്ടിയാണ് നടിയെ ആക്രമിച്ചതെന്ന കാര്യത്തിന് വ്യക്തമായ ഉത്തരമുണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സിനിമയുടെ അരങ്ങിലും അണിയറയിലും സ്ത്രീകളായിരിക്കും പ്രവര്‍ത്തിക്കുകയെന്നാണ് അവരുമായി ബന്ധപ്പെട്ട് വൃത്തങ്ങള്‍ നല്കുന്ന സൂചന.ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം തുല്യമായ കൂലിയാവും നല്‍കുകയെന്നും പറയുന്നു. അഞ്ജലി മേനോന്, ഗീതു മോഹന്‍ദാസ് എന്നീ മുന്‍നിര സംവിധായികമാരില്‍ ആരെങ്കിലുമായിരിക്കും പടം സംവിധാനം ചെയ്യുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫെബ്രുവരി 17നായിരുന്നു തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരുന്ന വഴി പ്രമുഖ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. നടിയെ ഉപദ്രവിക്കുന്നതിന്റെ ചിത്രങ്ങളും സംഘം മൊബൈലില്‍ പകര്‍ത്തി. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നെങ്കിലും അത് തള്ളിക്കളയുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. എന്നാല്‍ ജയിലിലെ സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഈ കേസില്‍ നിര്‍ണായക വഴിത്തിരിവ് ആയിരിക്കുന്നത്.