Last Modified വെള്ളി, 25 നവംബര്‍ 2016 (11:30 IST)
ദിലീപും
കാവ്യ മാധവനും വിവാഹിതരായി. മലയാള സിനിമാലോകത്തിന് ഇന്ന് ലഭിക്കാവുന്ന ഏറ്റവും വലിയ വാർത്തയാണിത്. താരസമ്പന്നമായ ചടങ്ങായിരുന്നു കൊച്ചിയിലെ 'വേദാന്ത'യിൽ നടന്നത്. മമ്മൂട്ടി, ജോഷി, സിദ്ദിക്ക്, ലാൽ, ജയറാം, കമൽ, ജനാർദ്ദനൻ, നാദിർഷ, രജപുത്ര രഞ്ജിത്, മീര ജാസ്മിൻ, ചിപ്പി, സലിംകുമാർ, ജോമോൾ, കെ പി എ സി ലളിത, കവിയൂർ പൊന്നമ്മ, കുക്കു പരമേശ്വരൻ, സുരേഷ്കുമാർ, മേനക തുടങ്ങി സിനിമാരംഗത്തെ പ്രമുഖരെല്ലാം ചടങ്ങിൽ പങ്കെടുത്തു.
മോഹൻലാൽ, ലാൽ ജോസ്, ഇന്നസെന്റ് തുടങ്ങിയവരുടെ അസാന്നിധ്യമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. മേജർ രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ തിരക്കുകളുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാതിരുന്നതിനാലാണ്
മോഹൻലാൽ എത്താതിരുന്നതെന്നാണ് വിവരം. ഇന്നസെന്റ് പാർലമെന്റ് സെഷനുള്ളതിനാൽ ഡൽഹിയിലാണ്.
വിവാഹശേഷം ദിലീപും കാവ്യയും ദുബായിലേക്ക് പോകുമെന്നാണ് വിവരം. ഒരാഴ്ച മുമ്പ് മാത്രമാണ് വിവാഹത്തേപ്പറ്റി തീരുമാനമായതെന്ന് ദിലീപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മകൾ മീനാക്ഷിയുടെ പൂർണ പിന്തുണ ഈ വിവാഹത്തിനുണ്ടെന്നും ദിലീപ് അറിയിച്ചു.