മലയാള സിനിമയിലെ വിമതശബ്ദങ്ങളായ വിനയനും തിലകനും വീണ്ടും ഒന്നിക്കുന്നു. ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിനയന് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ‘രഘുവിന്റെ സ്വന്തം റസിയ’ എന്ന് പേരിട്ടു.
ഒരു ഹിന്ദു യുവാവിന്റെയും മുസ്ലിം യുവതിയുടെയും പ്രണയവും അതിനെതിരു നില്ക്കുന്ന സമുദായങ്ങളുമാണ് സിനിമയുടെ പ്രമേയം. പുതുമുഖങ്ങളുടെ ഒരു നിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ മഹാനടന് തിലകന് ഒരു സുപ്രധാന വേഷത്തിലെത്തും. നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഇപ്പൊഴേ വിവാദച്ചുഴിയില്‍ പെട്ടിട്ടുണ്ട്.
ഈ ചിത്രവുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സെന്‍സര്‍ ബോര്‍ഡിനും ഫിലിം ചേംബറിനുമെതിരെ വിനയന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തീവ്രവാദത്തിനെതിരായ സന്ദേശം മുന്നോട്ടുവയ്ക്കുന്ന തന്റെ സിനിമയ്ക്ക് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഫിലിം ചേംബര്‍ ടൈറ്റില്‍ രജിസ്ട്രേഷന് നിഷേധിച്ചുവെന്നാണ് വിനയന്റെ പരാതി.
ഇക്കാരണത്താല്‍ ചിത്രീകരണത്തിന് ശേഷം സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയില്ലെങ്കില്‍ വന്‍ നഷ്ടം തനിക്ക് നേരിടേണ്ടിവരുമെന്ന് വിനയന് ഹര്‍ജിയില്‍ പറയുന്നു. യക്ഷിയും ഞാനും പോലെ രഘുവിന്റെ സ്വന്തം റസിയയും വരും ദിനങ്ങളില്‍ വിവാദക്കൊടുങ്കാറ്റുയര്ത്തുമോ എന്ന് കാത്തിരുന്നുകാണാം.