“മനസിനെ സ്പര്‍ശിക്കുന്ന ഒരു ഡയലോഗെഴുതാന്‍ സച്ചിയും സേതുവും ഏതെങ്കിലും നല്ല എഴുത്തുകാരന് ശിഷ്യപ്പെടേണ്ടിയിരിക്കുന്നു.” - മലയാളം വെബ്ദുനിയയ്ക്കായി സിനിമാ നിരൂപണം നല്കുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തക യാത്രി ജെസെന്‍ ‘ഡബിള്‍സ്’ എന്ന സിനിമയെക്കുറിച്ച് എഴുതിയ നിരൂപണത്തിലെ വാചകമാണിത്. യാത്രി ആ നിരൂപണത്തിലെഴുതിയത് സത്യമായി, ഡബിള്‍സ് പ്രേക്ഷകഹൃദയങ്ങളെ തീരെ സ്പര്‍ശിക്കാതെ എരിഞ്ഞടങ്ങി. ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത, ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ സച്ചിയും സേതുവും വേര്‍പിരിയുന്നു.
എന്തായാലും ‘സച്ചി-സേതു’ ടീം തിരക്കഥയെഴുതുന്ന അവസാന സിനിമ ‘സീനിയേഴ്സ്’ ആയിരിക്കും. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു.
മമ്മൂട്ടിയെ പോലെ ഒരു മെഗാസ്റ്റാറിലെ ലഭിച്ചിട്ടും, മലയാളികളുടെ എക്കാലത്തെയും പ്രിയനായിക നദിയാ മൊയ്തുവിന്റെ തിരിച്ചുവരവ് ആഘോഷിച്ച ചിത്രമായിട്ടും ‘ഡബിള്‍സ്’ ഹിറ്റാക്കാന്‍ കഴിയാതെ പോയത് തിരക്കഥയുടെ പോരായ്മയാണെന്ന് നാലുപാടുനിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സച്ചി-സേതു ടീമിന്റെ തിരക്കഥകള്‍ സിനിമയാക്കാന്‍ തീരുമാനിച്ചിരുന്ന സംവിധായകരൊക്കെ ഡബിള്‍സിന്റെ തകര്‍ച്ച കണ്ടതോടെ പതിയെ പിന്മാറാന് തുടങ്ങി.
ചിത്രത്തിന്റെ തിരക്കഥയിലെ പാളിച്ചകളെപ്പറ്റി ഇരുവരും തമ്മില്‍ തര്‍ക്കത്തിലായെന്നും പരസ്പരം പഴിചാരലിനൊടുവില് പിരിയാന്‍ തീരുമാനിച്ചു എന്നുമാണ് അറിയാന്‍ കഴിയുന്നത്. ഇനി ഒന്നിച്ചു മുന്നോട്ടുപോകാനാവില്ലെന്ന് തീരുമാനിച്ച ഇവര്‍ വെവ്വേറെ പാതകളിലേക്ക് നീങ്ങുകയാണ്.
വൈശാഖ് സംവിധാനം ചെയ്യുന്ന ‘മല്ലുസിംഗ്’ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് സേതുവാണ്. സച്ചിക്കാകട്ടെ അതിലും വലിയ ഓഫറാണ് ലഭിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയാണ് സച്ചിയെഴുതുന്നത്.
ചോക്ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ്പ്മാന് എന്നിവയാണ് സച്ചി-സേതു ടീം തിരക്കഥയെഴുതിയ മറ്റ് സിനിമകള്‍.