സജി സുരേന്ദ്രന് സംവിധാനം ചെയ്ത കുഞ്ഞളിയന് ബോക്സോഫീസില്‍ പരാജയത്തിലേക്ക് നീങ്ങുന്നു. യുവാക്കളെയും കുടുംബപ്രേക്ഷകരെയും ലക്ഷ്യമിട്ടൊരുക്കിയ കുഞ്ഞളിയന് ഒരു വിഭാഗത്തെയും ആകര്‍ഷിക്കാത്ത ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. കൃഷ്ണ പൂജപ്പുര ഒരുക്കിയ തിരക്കഥയുടെ ദൌര്‍ബല്യമാണ് സിനിമയ്ക്ക് വിനയായത്. നായകന് ജയസൂര്യയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്യാത്ത സിനിമയായി കുഞ്ഞളിയന് മാറി.
ഫോര്‍ ഫ്രണ്ട്സ്, കുഞ്ഞളിയന് എന്നീ സിനിമകളുടെ പരാജയം സജി സുരേന്ദ്രന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഉടന്‍ തന്നെ ഒരു വിജയം സൃഷ്ടിക്കേണ്ടത് സജിക്ക് നിലനില്‍പ്പിന്റെ പ്രശ്നമായി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഒരു വന്‍ ഹിറ്റ് ലക്ഷ്യമിട്ട് സജി തന്റെ തുറുപ്പുചീട്ടായ ഹസ്ബന്ഡ്സിനെ കൂട്ടുപിടിക്കുകയാണ്. ‘ഹാപ്പി ഹസ്ബന്‍ഡ്സ്’ രണ്ടാം ഭാഗം ഉടന്‍ ചിത്രീകരണം ആരംഭിക്കാനാണ് സജി സുരേന്ദ്രന്റെ പരിപാടി.
‘ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയറാം ഉണ്ടാകില്ല. ആസിഫ് അലി, ബിജു മേനോന്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരായിരിക്കും നായകന്മാര്. റിമ കല്ലിങ്കല്‍, സംവൃത, ഭാവന, വന്ദന തുടങ്ങിയവര്‍ നായികാനിരയില്‍ ഉണ്ടാകുമെന്നറിയുന്നു.
കൃഷ്ണ പൂജപ്പുര തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഗോവ ആയിരിക്കും. ചിത്രം വിഷുവിന് പ്രദര്‍ശനത്തിനെത്തിക്കാനാണ് നീക്കം. യു ടി വി മോഷന്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ പൂര്‍ണമായും ഒരു കോമഡിച്ചിത്രമായിരിക്കും.
ഹിറ്റുകള്‍ അപൂര്‍വ സംഭവങ്ങളായി മാറുന്ന ഇക്കാലത്ത്, 200 ദിവസങ്ങളോളം തിയേറ്ററുകളില്‍ കളിച്ച് കോടികളുടെ ലാഭം നേടിയ മലയാള സിനിമയായിരുന്നു ‘ഹാപ്പി ഹസ്ബന്‍ഡ്സ്’. ഈ ചിത്രം 8.5 കോടി രൂപയാണ് ലാഭം നേടിയത്.