aparna|
Last Modified ബുധന്‍, 2 ഓഗസ്റ്റ് 2017 (10:33 IST)
ഒരു
സിനിമ സെറ്റില്‍ കുറച്ച് മാത്രമേ സ്ത്രീകള്‍ ഉണ്ടാകുകയുള്ളുവെന്നും പലപ്പോഴും സ്ത്രീകള്‍ക്ക് നേരിടെണ്ടി വരുന്ന ശാരീരിക പ്രശ്നങ്ങള്‍ പങ്കുവെയ്ക്കാന്‍ പോലും ആരുമുണ്ടാകാറില്ലെന്നും നടി പത്മപ്രിയ. ചില കാര്യങ്ങള്‍ സ്ത്രീകളോട് മാത്രമേ പറയാന്‍ കഴിയൂ, പീരീഡ്‌സ് ആയെന്ന് തോന്നിയാല്‍ സിനിമയില്‍ ഒരു സ്ത്രീയോട് മാത്രമേ അക്കാര്യം പറയാന്‍ കഴിയൂ. അല്ലാതെ എന്നേക്കാള്‍ ഇരട്ടി പ്രായമുള്ള മമ്മൂക്കയോടോ മോഹന്‍ലാലിനോടോ ഇക്കാര്യം പറയാന്‍ പറ്റുമോ എന്ന് നടി ചോദിക്കുന്നു.
മലയാള സിനിമയില്‍ കാസ്റ്റിങ് കൌച്ച് ഉണ്ടെന്നും നടി വ്യക്തമാക്കി. പഴയകാലമല്ല ഇതെന്നും പുതിയ ജനറേഷന്‍ അതിനൊന്നും നിന്നുതരില്ലെന്നും പുരുഷന്മാര്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും
പത്മപ്രിയ വ്യക്തമാക്കി. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി സിനിമയിലെ കാസ്റ്റിങ് കൌച്ചിനെ കുറിച്ച് വ്യക്തമാക്കുന്നത്.
നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ചും പത്മപ്രിയ പ്രതികരിച്ചു. രണ്ടാളേയും തനിക്കറിയാമെന്ന് പത്മപ്രിയ പറയുന്നു. ‘അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോകുന്ന സ്ത്രീയുടെ മാനസികാവസ്ഥ ആലോചിച്ചിട്ടുണ്ടോ. കുറ്റമാരോപിക്കപ്പെട്ട നടന്റെ കാര്യമോ? അതൊരു സ്റ്റോറിയാണോ എന്ന് ആര്‍ക്കറിയാം? എന്തായാലും ഈ സംഭത്തോടെ സിനിമയിലെ പല കാര്യങ്ങളും പുറത്തുവന്നു‘.- പത്മപ്രിയ പറയുന്നു.
മോശം നടിമാര്‍ കിടക്ക പങ്കിട്ടുണ്ടാകാമെന്ന് പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്താണ് പറയേണ്ടത്. ഏതായാലും ഇത്തരം അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ലെന്ന് പദ്മപ്രിയ പറയുന്നു. സിനിമയില്‍ കാസ്റ്റിങ് കൌച്ചിങ് ഇല്ലെന്നും പിന്നെ നടിമാര്‍ മോശമാണെങ്കില്‍ അവര്‍ കിടക്ക പങ്കിട്ടെന്ന് വരുമെന്നും നടനും അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പത്മപ്രിയയുടെ പ്രതികരണം.