മോസ്‌കോ|
jibin|
Last Modified വ്യാഴം, 14 ജൂണ്‍ 2018 (15:53 IST)
റഷ്യന്‍ ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ജര്‍മ്മന്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കി ആരാധകര്‍.
തുര്‍ക്കി വംശജരായ മധ്യനിര താരങ്ങളായ മെസൂദ് ഓസിലിനെയും ഇകെയ് ഗുണ്ടോഗനെയും ടീമില്‍ നിന്നും ഒഴിവാക്കണമെന്ന മുന്‍ താരം സ്റ്റെഫാന്‍ എഫന്‍ബര്‍ഗിന്റെ ആവശ്യം ആരാധകര്‍ ഏറ്റുപിടിച്ചതാണ് പരിശീലകന്‍ ജോക്വിം ലോയെ വലയ്‌ക്കുന്നത്.
മനുഷ്യാവകാശ ലംഘനങ്ങള്‍ പതിവായി നടക്കുന്ന രാജ്യമാണ് തുര്‍ക്കി. അവരുടെ പ്രസിഡന്റായ എര്‍ദോഗനുമായി ഓസിലും ഗുണ്ടോഗനും കൂടിക്കാഴ്‌ച നടത്തിയത് ജര്‍മ്മന്‍ ജേഴ്‌സിയുടെ മൂല്യമറിയാതെയാണ്. അധികൃതര്‍ക്ക് ഈ മൂല്യം തിരിച്ചറിയാന്‍ കഴിയുന്നുണ്ടെങ്കില്‍ ഇരുവരെയും ടീമില്‍ നിന്നും പുറത്താക്കണമെന്നും എഫന്‍ബര്‍ഗ് ആവശ്യപ്പെട്ടു.
ഇരു താരങ്ങളുടെയും നടപടിയില്‍ ജര്‍മ്മനി ഉദാരമായ നിലപാട് സ്വീകരിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മുന്‍ താരം വ്യക്തമാക്കി.
എര്‍ദോഗനെ താരങ്ങള്‍ സന്ദര്‍ശിച്ചതില്‍ ആരാധകര്‍ പ്രതിഷേധത്തിലാണ്. സൗദി അറേബ്യക്കെതിരായ സന്നാഹ മത്സരത്തില്‍ പകരക്കാരന്റെ റോളില്‍ ഗ്രൌണ്ടിലിറങ്ങിയ ഗുണ്ടോഗനെ കൂക്കി വിളിച്ചാണ് ആരാധകര്‍ സ്വീകരിച്ചത്. ആരാധകരുടെ ഈ നടപടിക്കെതിരെ പരിശീലകരും മറ്റു താരങ്ങളും രംഗത്തുവന്നിരുന്നു.