തൃപ്രയാര്‍ തേവരുടെ മകീരം പുറപ്പാടിന്‌ ഒരുക്കമായി

തൃപ്രയാര്‍: | WEBDUNIA|
PRO
PRO
തൃപ്രയാര്‍ തേവരുടെ മകീരം പുറപ്പാടിന്‌ ഒരുക്കങ്ങളായി. ആറാട്ടുപുഴ പൂരത്തിന്‌ അധ്യക്ഷസ്ഥാനം അലങ്കരിക്കാന്‍ പുറപ്പെടുന്നതിനു മുന്നോടിയായി തന്റെ പ്രജകളെ കാണുന്നതിനും ക്ഷേമം അന്വേഷിക്കുന്നതിനും പുറപ്പെടുന്ന ചടങ്ങാ‍ണ് മകീരം പുറപ്പാട്. ഭക്തജനസഹസ്രങ്ങള്‍ വന്നെത്തുന്ന 19ന്‌ കര്‍ക്കിടകം രാശിയിലാണ്‌ മകീരം പുറപ്പാട്‌ നടക്കുന്നത്‌.

ഉച്ചക്ക്‌ ശേഷം 2.15നും 2.45നും മദ്ധ്യേയാണ്‌ തേവരെ മണ്ഡപത്തിലേക്ക്‌ എഴുന്നള്ളിക്കുക. പുറപ്പാട്‌ ദിവസം ഉഷപ്പൂജ കഴിഞ്ഞാല്‍ മറ്റു പൂജകള്‍ ഉണ്ടായിരിക്കുന്നതല്ല. അതിനുശേഷം രാശിവെടി പൊട്ടിച്ചുകഴിഞ്ഞാല്‍ ഊരായ്മക്കാരായ ചേലൂര്‍, ജ്ഞാനപ്പിള്ളി, പുന്നപ്പിള്ളി എന്നീ ഇല്ലങ്ങളിലെ പ്രതിനിധികള്‍ കുളികഴിഞ്ഞ്‌ ഭഗവാനെ ദര്‍ശിച്ച്‌ മണ്ഡപത്തില്‍ കണിയിരുന്നുകഴിഞ്ഞാല്‍ മേല്‍ശാന്തി തീര്‍ത്ഥവും പ്രസാദവും നല്‍കും. തുടര്‍ന്ന്‌ തേവരുടെ പുറപ്പാടിനുള്ള അനുവാദം ചോദിക്കും. ഇതുകഴിഞ്ഞാല്‍ കൊടിവിളക്കിലേക്ക്‌ ദീപം പകരും. ഇതോടെ പാണികൊട്ടി തിടമ്പ്‌ തൃക്കോല്‍ശാന്തി മണ്ഡപത്തിലേക്ക്‌ എഴുന്നള്ളിക്കും.

ഈ സമയം ക്ഷേത്രത്തിന്റെ പാരമ്പര്യകഴകക്കാരനായ രാമന്‍കുട്ടി നമ്പീശന്‍ തേവരെ പീഠത്തിന്മേല്‍ പരവതാനി വിരിച്ച്‌ സ്വീകരിക്കും. തുടര്‍ന്ന്‌ നെല്‍പ്പറ, അരിപ്പറ, മലര്‍പഴ, അവില്‍പറ, പൂപറ, ശര്‍ക്കരപ്പറ, പഞ്ചസാരപ്പറ തുടങ്ങിയവ നിറയ്ക്കും. ഈ സമയം ബ്രാഹ്മണിപ്പാട്ടും നടക്കും. മണ്ഡപത്തില്‍ പറ നിറയ്ക്കുന്നത്‌ വിവാഹം നടക്കുന്നതിനും സന്തതികള്‍ ഉണ്ടാകുന്നതിനും സര്‍വ്വ ഐശ്വര്യങ്ങള്‍ക്കു വേണ്ടിയാണെന്നും പറയപ്പെടുന്നു.

ബ്രാഹ്മണിപ്പാട്ടിനുശേഷം തേവരെ മണ്ഡപത്തിന്റെ വടക്കുവശത്തെ വാതിലില്‍കൂടിയാണ്‌ പുറത്തേക്ക്‌ എഴുന്നള്ളിക്കുക. വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ്‌ തേവരെ വടക്കുവശത്തുകൂടി എഴുന്നള്ളിക്കുക എന്ന പ്രത്യേകതകൂടി മകീരം പുറപ്പാടിനുണ്ട്‌. ഈസമയം പിഷാരടിമാര്‍ പറനിറച്ച്‌ തേവരെ സ്വീകരിക്കും. പിന്നീട്‌ പുറത്തേക്ക്‌ ഇറങ്ങി ഗജവീരന്റെ പുറത്ത്‌ സേതുകുളത്തിലെ ആറാട്ടിനായി പുറപ്പെടും.

ആറാട്ടുകഴിഞ്ഞ്‌ അഞ്ച്‌ ആനകളോടെ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തിരിച്ചെഴുന്നെള്ളും. പെരുവനം സതീശന്‍മാരാരാണ്‌ ഇത്തവണത്തെ മേളത്തിന്‌ നേതൃത്വം നല്‍കുക. മേളം കഴിഞ്ഞ്‌ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന്‌ മറ്റു പൂജകള്‍ക്കുശേഷം ചുറ്റമ്പലത്തിനകത്തെ കിണറ്റിന്‍കരയില്‍ ചെമ്പിലാറാട്ട്‌ നടക്കും. പിറ്റേന്ന്‌ രാവിലെ നടക്കല്‍ പൂരവും വൈകീട്ട്‌ കാട്ടൂര്‍ പൂരവും നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :