"വിലാസിനി നാട്യം' - അത്ര പരിചിതമല്ല ഈ പേര്. പ്രമുഖ നര്‍ത്തകി സ്വപ്ന സുന്ദരി ഈ നാട്യ രൂപത്തെക്കുറിച്ചുള്ള ഗവേഷണ പഠനത്തിലാണിപ്പോള്‍.
പേര് സൂചിപ്പിക്കും പോലെ ലാസ്യ പ്രധാനമാണ് ആന്ധ്രാപ്രദേശിലെ ഈ നാട്യം. ക്ഷേത്ര നാട്യ കലയില്‍ നിന്നും തന്നെയാണിതിന്റെയും പിറവി. കലാവധുക്കള് എന്നറിയപ്പെടുന്ന അമ്പലവാസി സമൂഹമാണ് ഈ നൃത്ത രൂപത്തെ പോറ്റി വന്നത്.
വിലാനിസി നാട്യം അന്തര്‍ദേശീയ, ദേശീയ വേദികളില്‍ അരങ്ങേറി. നൃത്ത രംഗത്ത് തന്റേതായ മുഖമുദ്ര തെളിയിച്ച സ്വപ്ന സുന്ദരി തലസ്ഥാന നഗരത്തില്‍ നൃത്തം അവതരിപ്പിയ്ക്കാന്‍ എത്തിയതായിരുന്നു. ഈ കല അന്യം നിന്നു പോകാതെ രക്ഷപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് സ്വപ്ന സുന്ദരി പറയുന്നു.
ദേവദാസികളുടെ കലാരൂപമായ ഈ നൃത്തത്തിന് ക്ഷേത്രാചാരങ്ങളും വിശ്വാസങ്ങളുമായി അഭേദ്യ ബന്ധമുണ്ട്. നിത്യ സേവ - അതായത് ദിവസേനയും നിത്യ സേവ വിശേഷ ദിവസങ്ങളിലും, കലാവധുക്കള് ഈ നാട്യം അവതരിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ കടുത്ത അവഗണന മൂലം ഈ കലാരൂപം ആന്ധ്രയ്ക്ക് നഷ്ടമായി കൊണ്ടിരിക്കുകയാണ്.
കലാവധുക്കളായ പലര്‍ക്കും ഈ നൃത്ത രൂപം അടുത്ത തലമുറയിലേയ്ക്ക് കൈമാറാന്‍ താത്പര്യമില്ല. അവര്‍ നേരിടുന്ന അവഗണന വരും തലമുറയ്ക്കുണ്ടാവരുത്. ഈ മനോഭാവത്തിന്റെ പ്രധാന കാരണം.
""മധുല ലക്സ്മി നാരായണനാണ് വിലാസിനി നൃത്തത്തിന്റെ ആദ്യാക്ഷരങ്ങള്‍ എനിക്ക് പകര്‍ന്ന് തന്നത്. ഈ സമൂഹത്തെ രക്ഷിയ്ക്കാനായി കഴിയണം. കലയ്ക്കായി എങ്കിലും ഇവരെ സംരക്ഷിയ്ക്കണം. ദേവദാസി ബില്‍ കൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം. അങ്ങനെയെങ്കിലും ഇവര്‍ക്ക് സഹായം ലഭിയ്ക്കട്ടെ'' സ്വപ്ന പറയുന്നു.
""വിലാസിനി നാട്യത്തിന് ആന്ധ്രയില്‍ രണ്ടാം വരവ് നടത്താന്‍ കഴിഞ്ഞതിന് കേരളത്തിന് വലിയ പങ്കുണ്ട്. കേരളത്തില്‍ കോട്ടയ്ക്കല്‍ ആയൂര്‍വേദ ട്രസ്റ്റിന്റെ ക്ഷണം സ്വീകരിച്ച് എത്തിയ എനിയ്ക്ക് ഹൈദരാബാദിലെ ഒരു പ്രമുഖ തറവാട്ടുകാരുമായി പരിചയം പുതുക്കാന്‍ കഴിഞ്ഞു. അവരുടെ ക്ഷേത്രത്തില്‍ ഇപ്പോള്‍ ബ്രഹ്മോത്സവത്തില്‍ വിലാസിനി നാട്യം ഒന്‍പതു ദിവസം അരങ്ങേറാറുണ്ട്. എല്ലാ വര്‍ഷവും.''
കേരളത്തിന്റെ തനത് കലാരൂപമായ മോഹിനിയാട്ടത്തിന്റെ ലാസ്യ ഭാവങ്ങള്‍ വിലാസിനി നാട്യത്തിലുണ്ട്. പക്ഷെ രണ്ടു നൃത്ത രൂപങ്ങളിലും അതിന്റേതായ അടിസ്ഥാന വ്യത്യാസങ്ങളുമുണ്ട്.
വിലാസിനി നാട്യത്തെ ഒരിക്കലും നാടോടി നൃത്തമായി കണക്കാക്കാന്‍ കഴിയില്ല. തീര്‍ത്തും ശാസ്ത്രീയമാണ്. വിലാസിനി നാട്യത്തിന് ഔദ്യോഗികമായി അംഗീകാരം ലഭിച്ചിട്ടില്ല. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ വിലാസിനി നാട്യത്തിന് സ്കോളര്‍ഷിപ്പ് അനുവദിയ്ക്കുന്നുണ്ട്. സ്വപ്ന കുട്ടികളെ പഠിപ്പിക്കുന്നുമുണ്ട്.
സമൂഹമായും വിശ്വാസങ്ങളുമായും ബന്ധമുള്ള ഈ ക്ഷേത്രകലാരൂപത്തെ കേരളത്തിലേയ്ക്ക് വ്യപിപ്പിയ്ക്കണം. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണം എന്നാണ് ആഗ്രഹമെന്നും സ്വപ്ന പറയുന്നു.
അംഗീകാരങ്ങള്‍ നമ്മുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് കൂടുതല്‍ ഓര്‍മ്മിപ്പിയ്ക്കുന്നു. പത്മഭൂഷണ്‍ എന്നിലെ കലാകാരിയ്ക്ക് കൂടുതല്‍ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുകയാണ്. അവര്‍ പറയുന്നു. പരമോന്നത പുരസ്കാരമായ പത്മഭൂഷണ്‍ ലഭിയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നര്‍ത്തകിയെന്ന ബഹുമതി കൂടി സ്വപ്ന സുന്ദരിയ്ക്ക് സ്വന്തമാണ്.