മിമിക്സ് പരേഡെന്ന പേര് ഉണ്ടാക്കിയതാര്?

കലാഭവന്‍ ഉണ്ടായ കഥ: ഭാഗം - 5: ജെ പുതുച്ചിറ

WEBDUNIA|
PRO
മിമിക്രിയെന്നും മിമിക്സ് പരേഡെന്നും കേട്ടാല്‍ ഇപ്പോള്‍ ഏത് കൊച്ചുകുട്ടിക്കും സംഗതിയെന്താണെന്ന് മനസിലാകും. കലാഭവന്‍ 1969-ലാണ് ആരംഭിച്ചതെങ്കിലും മലയാളിയുടെ നിത്യജീവിതത്തില്‍ ഈ സ്ഥാപനം ഭാഗഭാക്കാകാന്‍ തുടങ്ങിയത് 1981 തൊട്ടാണ്. കലാഭവന്‍ അവതരിപ്പിക്കുന്ന ഗാനമേളകള്‍ക്കിടയില്‍ വീണുകിട്ടുന്ന സമയം കൊല്ലാനുള്ള ‘ഗ്യാപ്പ് ഫില്ലര്‍’ ആയി അവതരിപ്പിച്ച് കൊണ്ടിരുന്ന മിമിക്രി പ്രോഗ്രാമുകളെ കോര്‍ത്തിണക്കിക്കൊണ്ട് മുഴുനീള മിമിക്രി അവതരിപ്പിക്കാന്‍ കലാഭവന്‍ ആ വര്‍ഷം ധൈര്യം കാട്ടി. മിമിക്സ് പരേഡ് എന്ന പേരാണ് അതിനിട്ടത്.

ഇത്തരമൊരു പ്രോഗ്രാം അവതരിപ്പിച്ചാല്‍ ജനം ഏറ്റെടുക്കുമോ എന്ന സംശയം ആബേലച്ചനും ഉണ്ടായിരുന്നു. എന്നാല്‍ കലാഭവന്‍ സംഘത്തിലെ മിമിക്രി താരങ്ങളുടെ കഴിവില്‍ തെല്ലും സംശയം ഇല്ലാതിരുന്ന ആബേലച്ചന്‍ ‘ഗ്രീന്‍ സിഗ്നല്‍’ കാട്ടിയതോടെ കേരളത്തിലെ ആദ്യത്തെ മിമിക്സ് പരേഡ് കൊച്ചിയിലെ ഫൈന്‍ ആര്‍ട്സ് ഹാളില്‍ അരങ്ങേറി. സിദ്ധിക്ക്, ലാല്‍, അന്‍സാര്‍, കെ എസ് പ്രസാദ്, കലാഭവന്‍ റഹ്മാന്‍, വര്‍ക്കിച്ചന്‍ പേട്ട ഇവരൊക്കെക്കൂടി സദസ്സിനെ ചിരിപ്പിച്ച് കൊന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ!

പരിപാടിയുടെ പ്രായോജകര്‍ സുനൈന എന്ന ഒരു ഷര്‍ട്ട് കമ്പനിയായിരുന്നു. പരിപാടി കഴിഞ്ഞപ്പോള്‍ സ്പോന്‍സര്‍ കമ്പനിയുടെ നന്ദിസൂചകമായി ഷര്‍ട്ടുകള്‍ പരിപാടി അവതരിപ്പിച്ച കലാകാരന്‍‌മാര്‍ക്ക് ലഭിച്ചു. ഇവര്‍ക്ക് ഷര്‍ട്ട് സമ്മാനിക്കാന്‍ സ്റ്റേജില്‍ എത്തിയത് നടന്‍ മമ്മൂട്ടിയും ശ്രീനിവാസനുമായിരുന്നു. പരിപാടി വന്‍ വിജയം ആയതോടെ നാനാഭാഗത്തുനിന്നും കലാഭവന് മിമിക്സ് പരേഡിന് ബുക്കിംഗ് കിട്ടാന്‍ തുടങ്ങി.

കലാഭവന്‍ അങ്ങിനെ ഒരു മിമിക്രി പ്രസ്ഥാനമായി വളരാന്‍ തുടങ്ങിയതോടെ കഴിവുള്ള കലാകാരന്‍‌മാര്‍ കലാഭവനിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ജയറാം, ദിലീപ്, എന്‍ എഫ് വര്‍ഗീസ്, കലാഭവന്‍ മണി, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, നാരായണന്‍ കുട്ടി, അബി, കലാഭവന്‍ നവാസ്, സലിം കുമാര്‍, തെസ്നി ഖാന്‍ എന്നിവരൊക്കെ ഇങ്ങനെ കലാഭവനില്‍ വന്നവരാണ്.

തിരുവനന്തപുരത്തൊരു യോഗത്തില്‍ സംബന്ധിക്കാന്‍ എത്തുന്ന കോഴിക്കോട്ടുകാരന്‍, മൂന്നാനേം കൂട്ടി പെണ്ണുകാണാന്‍ പോകുന്ന സ്കിറ്റ്, പത്താംക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവനും ഏറ്റവും കുറവു മാര്‍ക്ക് വാങ്ങിയവനും നടത്തുന്ന അഭിമുഖം, രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്ന സിനിമാ താരങ്ങളുടെ സ്കിറ്റ് എന്നിങ്ങനെ പല സ്കിറ്റുകള്‍ക്കും പുറകില്‍ പ്രവര്‍ത്തിച്ചത് സിദ്ധിക്കും ലാലും കൂടിയാണ്. വെറും തട്ടിക്കൂട്ടല്‍ ആയിരുന്നില്ല കലാഭവനിലെ താരങ്ങള്‍ക്ക് മിമിക്രി. മാസങ്ങളോടും നീണ്ടുനില്‍‌ക്കുന്ന പരിശീലനം കഴിഞ്ഞാണ് ഓരോ സ്കിറ്റും വേദിയില്‍ അവതരിപ്പിച്ചിരുന്നത്.

(ചിത്രത്തിന് കടപ്പാട് - കൊച്ചിന്‍ കലാഭവന്‍ ഡോട്ട് കോം)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :