അഭിറാം മനോഹർ|
Last Modified തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (12:18 IST)
ലോകകപ്പുകളില്‍ ഫോമിലേയ്‌ക്കെത്തുന്ന പതിവ് തെറ്റിക്കാതെ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. കഴിഞ്ഞ 2 ലോകകപ്പുകളിലും മികച്ച പ്രകടനം നടത്തിയ സ്റ്റാര്‍ക്ക് തന്റെ പ്രകടനം അവര്‍ത്തിക്കുന്നതാണ് ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലും കാണാനായത്. മത്സരത്തില്‍ ഇഷാന്‍ കിഷന്റെ വിക്കറ്റ് സ്റ്റാര്‍ക്കിനായിരുന്നു.
കഴിഞ്ഞ 2 ലോകകപ്പുകളില്‍ നിന്നായി 49 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് നേടിയിരുന്നത്. ഇഷാന്‍ കിഷനെ പുറത്താക്കിയതോടെ ലോകകപ്പില്‍ അതിവേഗത്തില്‍ 50 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ബൗളറെന്ന റെക്കോര്‍ഡ് സ്റ്റാര്‍ക്കിന്റെ പേരിലായി. വെറും 19 ലോകകപ്പ് മത്സരങ്ങളില്‍ നിന്നാണ് സ്റ്റാര്‍ക്കിന്റെ ഈ നേട്ടം.
2015ല്‍ ലോകകപ്പ് കിരീടവും ടൂര്‍ണമെന്റിലെ താരമെന്ന നേട്ടവും സ്വന്തമാക്കാന്‍ സ്റ്റാര്‍ക്കിനായിരുന്നു. 2015 ലെ ലോകകപ്പില്‍ 22 വിക്കറ്റുകളും 2019ലെ ലോകകപ്പില്‍ 10 മത്സരങ്ങളില്‍ നിന്നും 27 വിക്കറ്റുകളുമാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. 15.14 എന്ന മികച്ച ബൗളിംഗ് ശരാശരിയും ലോകകപ്പില്‍ സ്റ്റാര്‍ക്കിനുണ്ട്. 28 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയതാണ് വലിയ നേട്ടം. 2023ലെ ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഒരു വിക്കറ്റ് മാത്രമെ സ്വന്തമാക്കാനായിട്ടുള്ളു എങ്കിലും സന്നാഹമത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഹാട്രിക് സ്വന്തമാക്കാന്‍ സ്റ്റാര്‍ക്കിനായിരുന്നു.