സജിത്ത്|
Last Modified തിങ്കള്‍, 26 ജൂണ്‍ 2017 (16:33 IST)
ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് നേട്ടത്തോടെ ടീം ഇന്ത്യ. കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരെ നടന്ന മത്സരത്തോടെയാണ് ഇന്ത്യ, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ടീമായി മാറിയത്. കഴിഞ്ഞ മത്സരം കൂടി ചേര്‍ത്താല്‍ 96-മത്തെ തവണയാണ്
ഇന്ത്യ 300 റണ്‍സിനും മുകളില്‍ സ്കോര്‍ ചെയ്യുന്നത്. ഓസീസിനെ മറികടന്നുകൊണ്ടാണ് ഇന്ത്യ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
95 മത്സരങ്ങളിലാണ് ഓസ്‌ട്രേലിയ മുന്നൂറു റണ്‍സിനു മുകളില്‍ നേടിയിട്ടുള്ളത്. ഇന്ത്യയും ഓസ്‌ട്രേലിയയും മാത്രമേ 90 പ്രാവശ്യം 300 കടന്നിട്ടുള്ളൂ. അതേസമയം, ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക മൂന്നാമതാണ്. 77 തവണയാണ് ദക്ഷിണാഫ്രിക്ക 300 കടന്നത്. പാകിസ്ഥാനും ശ്രീലങ്കയുമാണ് പിന്നിലുള്ളത്.
300 കടന്ന 96 മത്സരങ്ങളില്‍ 75 എണ്ണത്തിലാണ് ഇന്ത്യ ജയിച്ചത്. 19 കളിയില്‍ പരാജയപ്പെടുകയും രണ്ട് മത്സരങ്ങള്‍ സമനിലയാകുകയും ചെയ്തു. 300 കടന്നിട്ട് ഏറ്റവും കൂടുതല്‍ തവണ തോറ്റ ടീം എന്ന റെക്കോര്‍ഡും നിലവില്‍ ഇന്ത്യക്കാണ്. 95ല്‍ 84 തവണയും ഓസീസ് ജയിച്ചപ്പോള്‍ 300 കടന്നിട്ട് ഏഴ് തവണമാത്രമേ ദക്ഷിണാഫ്രിക്ക തോറ്റിട്ടുള്ളൂ.