ന്യൂഡല്‍ഹി|
jibin|
Last Modified ശനി, 14 ജനുവരി 2017 (18:14 IST)
യുവരാജ് സിംഗിന്റെ ഏകദിന ടീമിലെ സ്ഥാനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി നായകന്‍ വിരാട് കോഹ്‌ലി. മധ്യനിരയില്‍ മഹേന്ദ്ര സിംഗ് ധോണിക്ക് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകുന്നതിനാല്‍ പരിചയ സമ്പന്നനായ ഒരു താരം അവിടെ
ഉണ്ടാകണമെന്നതിനാലാണ് യുവരാജിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് കോഹ്‌ലി വ്യക്തമാക്കിയിരിക്കുന്നത്.
മധ്യനിരയില്‍ ധോണി ഭായിക്ക് കൂടുതല്‍ ഭാരമുണ്ടാകുന്ന സാഹചര്യമുണ്ടാകരുത്. മുന്‍ നിരയിലെ വിക്കറ്റുകള്‍ വേഗത്തില്‍ പോയാല്‍ അത് ധോണിക്ക് സമ്മര്‍ദ്ദമുണ്ടാക്കും. അതിനാല്‍ അദ്ദേഹത്തിനൊപ്പം കളിക്കാന്‍ പരിചയ സമ്പന്നനായ ഒരാള്‍ ആവശ്യവുമാണ്. ഇതിനാലാണ് യുവിയെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് കോഹ്‌ലി പറഞ്ഞു.
മുന്‍ നിരയുടെ ചുമതല ഏറ്റെടുക്കാന്‍ ഞാന്‍ ഒരുക്കമാണെങ്കിലും വിക്കറ്റ് നഷ്‌ടമായാല്‍ ആ ഭാരം ചെന്നെത്തുക ധോണിയിലായിരിക്കും. വലിയ ഒരു ടൂര്‍ണമെന്റ് വരുകയാണ്. അതിന് മുമ്പ് ഒരാളെ ടീമിലെടുത്ത് മികച്ച താരമാക്കി മാറ്റാനുള്ള സമയമില്ല. തെരഞ്ഞെടുക്കുന്ന ആള്‍ മികച്ച ഫോമില്‍ ആകേണ്ടതും അത്യാവശ്യമായിരുന്നു. അതിനാലാണ് യുവിയെ ടീമിലെടുത്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ യുവി മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും കോഹ്‌ലി പറഞ്ഞു.