അഭിറാം മനോഹർ|
Last Modified ബുധന്‍, 24 ജൂലൈ 2024 (20:20 IST)
ഇന്ത്യന്‍ സൂപ്പര്‍ താരമായ വിരാട് കോലി പാകിസ്ഥാനില്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായി പാകിസ്ഥാന്‍ മുന്‍താരമായ യൂനിസ് ഖാന്‍. അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ട്രോഫി കളിക്കാനായി ഇന്ത്യ പാകിസ്ഥാനില്‍ എത്തൂമോ എന്ന് തീരുമാനമാകാത്ത സാഹചര്യത്തില്‍ കൂടിയാണ് യൂനിസ് ഖാന്റെ പ്രതികരണം. ചാമ്പ്യന്‍സ് ട്രോഫി കളിക്കാനായി ഇന്ത്യന്‍ ടീമിനെ പാക് മണ്ണില്‍ വിടാന്‍ ബിസിസിഐ അനുവദിക്കണമെന്നും പാക് മുന്‍ താരം അഭ്യര്‍ഥിച്ചു.
കോലിയുടെ കരിയറില്‍ അവശേഷിക്കുന്ന ഒരേയൊരു കാര്യം പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കുക എന്നത് മാത്രമാണ്. അത് സാധിക്കണം. പാകിസ്ഥാന്‍ ആരാധകരുടെ ഒരു ആവശ്യം കൂടിയാണത്. ഒട്ടേറെ ആരാധകരാണ് കോലിയ്ക്ക് പാകിസ്ഥാനില്‍ ഉള്ളത്. 2009ലെ ഏഷ്യാകപ്പിലായിരുന്നു ഇന്ത്യ അവസാനമായി പാക് മണ്ണില്‍ കളിച്ചത്. കഴിഞ്ഞ വര്‍ഷം ഏഷ്യാകപ്പിന് വേദി പാകിസ്ഥാന്‍ ആയിരുന്നെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ നടന്നത് ശ്രീലങ്കയിലായിരുന്നു. ഇത്തരത്തിലൊരു വേദിമാറ്റം ചാമ്പ്യന്‍സ് ട്രോഫിയില്‍ അനുവദിക്കില്ലെന്നതാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. അതേസമയം ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരമാകും ബിസിസിഐ നിലപാടെടുക്കുക.