ആ അദ്ധ്യായം കഴിഞ്ഞു, ഇന്ത്യ ലോകകപ്പ് ഫൈനല്‍ തോല്‍വിയില്‍ നിന്നും മുന്നോട്ട് പോകണം: സൂര്യകുമാര്‍ യാദവ്

അഭിറാം മനോഹർ| Last Modified ഞായര്‍, 10 ഡിസം‌ബര്‍ 2023 (15:57 IST)
ലോകകപ്പ് ഫൈനല്‍ തോല്‍വിയില്‍ നിന്ന് മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടാണെന്ന് സമ്മതിച്ച് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ്. എങ്കിലും മറ്റ് മത്സരങ്ങള്‍ വരുമ്പോള്‍ ഫൈനലിലെ പരാജയം മറന്നുകൊണ്ട് മുന്നോട്ട് പോകാനായി ടീം ശ്രമിക്കണമെന്നും ഇന്ത്യയുടെ ടി20 ടീം നായകന്‍ കൂടിയായ താരം പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പര നേടാനായത് ഇന്ത്യന്‍ ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നതായും സൂര്യ വ്യക്തമാക്കി.

ലോകകപ്പിലെ തോല്‍വി നിരാശാജനകമായിരുന്നു. അതില്‍ നിന്നും മുന്നോട്ട് പോകാന്‍ ഇന്ത്യയ്ക്ക് സാധിക്കണം. മറ്റൊരു ഫോര്‍മാറ്റില്‍ ആയിരുന്നെങ്കിലും ഓസ്‌ട്രേലിയക്കെതിരെ പരമ്പര വിജയം നേടാനായത് ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഓസീസിനെതിരെ ഭയരഹിതമായാണ് ഇന്ത്യ കളിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെയും അതേ രീതി പിന്തുടരാനാകണം. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ താരങ്ങള്‍ ചെയ്യുന്നത് ഇന്ത്യയ്ക്ക് വേണ്ടിയും ആവര്‍ത്തിക്കാനാണ് ഞാന്‍ പറഞ്ഞത്. ദക്ഷിണാഫ്രിക്കക്കെതിരെ ടീം കോമ്പിനേഷന്‍ മനസ്സിലുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനായി കാത്തിരിക്കുകയാണ്. സൂര്യകുമാര്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :