ഫോമും പരിചയസമ്പത്തുമുള്ള സാഹയ്ക്ക് പകരം എന്തുകൊണ്ട് ഇഷാൻ? വിശദീകരണവുമായി സെലക്ഷൻ കമ്മിറ്റി

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 മെയ് 2023 (15:04 IST)
ഐപിഎല്ലിൽ മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന വൃദ്ധിമാൻ സാഹയ്ക്ക് പകരം ഇഷാൻ കിഷനെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിനുള്ള ടീമിലെ ബാക്കപ്പ് കീപ്പറായി ഉൾപ്പെടുത്തിയതിലുള്ള കാരണം വിശദമാക്കി ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി. സാഹയുടെ പേര് ഒരിക്കൽ പോലും പരിഗണനയ്ക്ക് വന്നില്ലെന്ന് സെലക്ടർമാരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഎ റിപ്പോർട്ട് ചെയ്തു.

ടീം സെലക്ഷനിൽ തുടർച്ച ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് കിഷനെ ബാക്കപ്പ് കീപ്പറാക്കി ഉൾപ്പെടുത്തിയതെന്നാണ് ശിവ് സുന്ദർ ദാസിൻ്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വ്യക്തമാക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിലും ശ്രീകർ ഭരതിൻ്റെ ബാക്കപ്പ് ഓപ്ഷനായി ഇഷാൻ കിഷനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഒരു മത്സരത്തിലും കിഷൻ കളിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇഷാനെ ബാക്കപ്പായി ഉൾപ്പെടുത്തിയതെന്നാണ് സെലക്ഷൻ കമ്മിറ്റി വ്യക്തമാക്കുന്നത്.

2021ലാണ് വൃദ്ധിമാൻ സാഹ ഇന്ത്യയ്ക്കായി അവസാനമായി ടെസ്റ്റിൽ കളിച്ചത്. റിഷഭ് പന്ത് ടീമിൻ്റെ സ്ഥിരം വിക്കറ്റ് കീപ്പറായതോടെ സാഹയെ വാർഷിക കരാറിൽ നിന്നും ഒഴിവാക്കിയിരുന്നു. ഐപിഎല്ലിനിടെ കെ എൽ രാഹുലിന് പരിക്കേറ്റതോടെയാണ് ബാക്കപ്പ് കീപ്പറായി ഇഷാനെ പരിഗണിച്ചത്. എന്നാൽ ഐപിഎല്ലിൽ താരം മോശം പ്രകടനമാണ് നടത്തുന്നതെന്നും മികച്ച ഫോമിലുള്ള വൃദ്ധിമാൻ സാഹ, ജിതേഷ് ശർമ എന്നിവരെയാണ് ടീം പരിഗണിക്കേണ്ടിയിരുന്നതെന്നും ആരാധകർ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :