ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 17 മെയ് 2017 (13:02 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ബാറ്റിന്റെ ചൂട് അറിയാത്ത ബൗളര്‍മാര്‍ ചുരുക്കമാണ്. പേരുകേട്ട ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ ബോളര്‍മാര്‍ക്കു പോലും സച്ചിന്‍ ക്രീസിലുണ്ടെങ്കില്‍ സമ്മര്‍ദ്ദമായിരുന്നു.
താന്‍ ഏറേ ഭയപ്പെട്ടിരുന്ന ഒരു ബൗളര്‍ ഉണ്ടായിരുന്നുവെന്നാണ് ഒരു പ്രമോഷനല്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവെ സച്ചിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അന്തരിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടറും ക്യാപ്റ്റനുമായ ഹന്‍സി
ക്രോണിയ ബൗള്‍ ചെയ്യുമ്പോള്‍ താന്‍ ഏറെ ഭയപ്പെട്ടിരുന്നുവെന്നാണ് സച്ചിന്‍ പറയുന്നത്.
1989ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തിയപ്പോള്‍ മുതല്‍ നിരവധി പേസര്‍മാരെ നേരിട്ടു. ആസ്വദിച്ച് ബാറ്റ് വീശിയ എനിക്ക് ആരോടും ഭയം തോന്നിയിട്ടില്ല. എന്നാല്‍, ക്രോണിയ്‌ക്ക് മുമ്പില്‍ പലതവണ പുറത്തായതോടെയാണ് അദ്ദേഹം പന്തെറിയാന്‍ എത്തുമ്പോള്‍ സമ്മര്‍ദ്ദം തോന്നിയതെന്ന് സച്ചിന്‍ വ്യക്തമാക്കി.
ക്രോണിയ ബോള്‍ ചെയ്യുമ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കുന്നതാണ് നല്ലതെന്ന് എപ്പോഴും തോന്നും.
“ “അലന്‍ ഡൊണാള്‍ഡോ, ഷോണ്‍ പൊള്ളോക്കോ എറിയാന്‍ വന്നാല്‍ ഞാന്‍ നോക്കിക്കൊള്ളാം. ക്രോണിയ പന്തെറിയുമ്പോള്‍ നിങ്ങള്‍ തന്നെ നേരിടാന്‍ ശ്രമിക്കണം ” - ആ സമയം കൂടെയുള്ള ബാറ്റ്‌സ്‌മാനോട് ഞാന്‍ ഇങ്ങനെ പറയുന്നത് പതിവായിരുന്നുവെന്നും സച്ചിന്‍ പറയുന്നുണ്ട്.
ബാറ്റ്‌സ്‌മാന്‍മാരെ വിറപ്പിച്ച പാക് ബോളര്‍മാരായ വഖാര്‍ യൂനിസിനെയും വസീം അക്രമിനെയും ഭയം കൂടാതെ നേരിട്ട സച്ചിന്‍ ക്രോണിയെ ഭയപ്പെട്ടിരുന്നുവെന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.
32 ഏകദിനങ്ങളിൽ നിന്നായി സച്ചിനെ മൂന്ന് തവണ മാത്രമാണി ഹാൻസി പുറത്താക്കിയിട്ടുള്ളത്. എന്നാൽ 11 ടെസ്റ്റിൽ നിന്നായി അഞ്ച് തവണയും ഹാൻസി സച്ചിനെ പുറത്താക്കി. തനിക്ക് ഭയമുള്ള ബോളര്‍ ക്രോണിയ ആണെന്ന് സച്ചിന്‍ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്.