രേണുക വേണു|
Last Modified തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (07:30 IST)
KL Rahul: ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിന് തകര്‍ത്ത ഇന്ത്യ ടൂര്‍ണമെന്റിന് മികച്ച തുടക്കമിട്ടിരിക്കുകയാണ്. വരും മത്സരങ്ങളിലും ഈ ഫോം തുടര്‍ന്നാല്‍ ഇന്ത്യക്ക് സെമി ഫൈനല്‍ ഉറപ്പിക്കാം. അതേസമയം ഓസ്‌ട്രേലിയയുടെ 200 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് ആകുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. വിരാട് കോലിയും കെ.എല്‍.രാഹുലും നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ നടത്തിയ ക്ലാസിക് ചെറുത്തുനില്‍പ്പാണ് ഒടുവില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
വിരാട് കോലി 116 ബോളില്‍ ആറ് ഫോര്‍ സഹിതം 85 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 115 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 97 റണ്‍സുമായി പുറത്താകാതെ നിന്നു. അര്‍ഹതപ്പെട്ട സെഞ്ചുറി രാഹുലിന് നഷ്ടമായതില്‍ ആരാധകര്‍ക്ക് വലിയ വിഷമമുണ്ട്. 54 പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ അഞ്ച് റണ്‍സ് മാത്രം വേണ്ട സമയത്ത് സിക്‌സ് അടിച്ചതോടെ രാഹുലിന് സെഞ്ചുറി നഷ്ടമായി. ആ സമയത്ത് രാഹുല്‍ 91 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയായിരുന്നു. ടീമിന് ജയിക്കാന്‍ അഞ്ച് റണ്‍സും രാഹുലിന് സെഞ്ചുറി നേടാന്‍ ഒന്‍പത് റണ്‍സും.
ഒരു ഫോറും സിക്‌സും അടിച്ചിരുന്നെങ്കില്‍ രാഹുലിന് സെഞ്ചുറി സ്വന്തമാക്കാമായിരുന്നു. ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് എറിഞ്ഞ പന്തില്‍ ഫോര്‍ നേടാനായിരുന്നു രാഹുലിന്റെ ശ്രമം. അതിനുശേഷം ഒരു സിക്‌സ് കൂടി അടിച്ചാല്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഉയരുകയും രാഹുലിന് സെഞ്ചുറി തികയ്ക്കാന്‍ സാധിക്കുകയും ചെയ്യുമായിരുന്നു. ഫോറിന് വേണ്ടിയുള്ള എക്‌സ്ട്രാ കവര്‍ ഡ്രൈവ് സിക്‌സായാണ് കലാശിച്ചത്. ഇത് ഇന്ത്യ കളി ജയിക്കാന്‍ കാരണമായി. ആ ഷോട്ട് സിക്‌സ് ആയതോടെ രാഹുല്‍ ക്രീസില്‍ ഇരിക്കുന്നതും കുറച്ച് കഴിഞ്ഞ് ചിരിക്കുന്നതും വീഡിയോയില്‍ കാണാം.