സിംബാബ്‌വെ പര്യടനത്തിലും ഇടമില്ല, ഇഷാൻ കിഷനും തിലക് വർമയും എവിടെ?

Tilak varma, Ishan Kishan
അഭിറാം മനോഹർ| Last Modified ബുധന്‍, 3 ജൂലൈ 2024 (14:31 IST)
Tilak varma, Ishan Kishan
ലോകകപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തിനുള്ള ടീം പ്രഖ്യാപനം അടുത്തിടെയാണ് വന്നത്. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം ബാര്‍ബഡോസില്‍ തുടരുന്നതിനാല്‍ തന്നെ ശിവം ദുബെ,യശ്വസി,ജയ്‌സ്വാള്‍,സഞ്ജു സാംസണ്‍ എന്നിവരെ അവസാനനിമിഷം ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു.

ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ,സായ് സുദര്‍ശന്‍ എന്നിവരെയാണ് പകരക്കാരായി ടീമില്‍ തിരഞ്ഞെടുത്തത്. റിയാന്‍ പരാഗ്,അഭിഷേക് ശര്‍മ,ധ്രുവ് ജുറല്‍ തുടങ്ങി യുവതാരങ്ങള്‍ക്കെല്ലാം ടീമില്‍ ഇടം ലഭിച്ചപ്പോള്‍ അടുത്തക്കാലം വരെ ഇന്ത്യന്‍ ടി20 ടീമുകളില്‍ സ്ഥിരമായിരുന്ന ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവരെ ഒഴിവാക്കിയത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇവരെ കൂടാതെ കഴിഞ്ഞ ഐപിഎല്ലില്‍ തിളങ്ങിയ ഓള്‍ റൗണ്ടര്‍ വെങ്കിടേഷ് അയ്യര്‍,വരുണ്‍ ചക്രവര്‍ത്തി, ശ്രേയസ് അയ്യര്‍ എന്നിവരെയും സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.


2023ലെ ഏകദിന ലോകകപ്പിന് പിന്നാലെ മാനസികമായി തളര്‍ന്നു എന്ന പേരില്‍ അവധിയെടുത്ത ഇഷാന്‍ കിഷനെ പിന്നീട് നടന്ന പരമ്പരകളിലേക്കൊന്നും തന്നെ ഇന്ത്യന്‍ ടീം പരിഗണിച്ചിട്ടില്ല.അച്ചടക്ക നടപടിയെ തുടര്‍ന്ന് കരാറില്‍ നിന്നും ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യര്‍ക്കും പിന്നീട് ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായിട്ടില്ല.
കഴിഞ്ഞ ഐപിഎല്ലില്‍ തിളങ്ങിയ പല താരങ്ങളെയും സിംബാബ്വെ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ 15 കളികളില്‍ 21 വിക്കറ്റുകളുമായി തിളങ്ങിയ വരുണ്‍ ചക്രവര്‍ത്തിക്ക് ഇക്കഴിഞ്ഞ ടി20 ലോകകപ്പിലോ സിംബാബ്വെ പര്യടനത്തിലോ പോലും ബിസിസിഐ ഉള്‍പ്പെടുത്തിയിട്ടില്ല. പ്ലേ ഓഫ് മത്സരങ്ങളിലെല്ലാം തന്നെ തിളങ്ങിയ വെങ്കിടേഷ് അയ്യര്‍ക്കും ടീമില്‍ ഇടം പിടിക്കാനായില്ല.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :