ആദ്യം കളിച്ച് കാണിക്ക്, എന്നിട്ട് മതി വാചകമടി: വിമർശനവുമായി സെവാഗ്

അപർണ| Last Modified വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (18:33 IST)
ഇംഗ്ലണ്ടില്‍ തോറ്റ് തുന്നം പാടിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം വിരേന്ദര്‍ സേവാഗ്‌. വിദേശമണ്ണില്‍ വലിയ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ശേഷിയുള്ള ടീമാണെങ്കില്‍ അതു കളിച്ചു കാണിക്കണമെന്നും, ഡ്രസിങ്‌ റൂമിലിരുന്ന്‌ വാചകമടിച്ചിട്ട്‌ കാര്യമില്ലെന്നും സേവാഗ്‌ പറഞ്ഞു.

ഇംഗ്ലണ്ട്‌ പര്യടനത്തിനു പുറപ്പെടുന്നതിനു മുന്‍പ്‌, വിദേശത്ത്‌ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ തന്റെ ടീമിനു കഴിയുമെന്ന്‌ അവകാശപ്പെട്ട ഇന്ത്യന്‍ കോച്ച്‌ രവി ശാസ്‌ത്രിയുടെ പരാമര്‍ശത്തെയാണ്‌ സേവാഗ്‌ പരോക്ഷമായി പരിഹസിച്ചത്‌.

അങ്ങനെ ചെയ്യും, ഇങ്ങനെ ചെയ്യും എന്നൊക്കെ കരയ്‌ക്കിരുന്ന്‌ എത്ര വേണമെങ്കിലും അവകാശവാദം ഉന്നയിക്കാം. എന്നാല്‍, കളത്തിലാണ്‌ അതു കാണേണ്ടത്‌. കരയ്‌ക്കിരുന്ന്‌ നമ്മള്‍ സംസാരിക്കുന്നതിനു പകരം കളത്തില്‍ ബാറ്റും ബോളുമാണ്‌ 'സംസാരിക്കേണ്ടത്‌'. കഴിഞ്ഞ കുറച്ചു ടെസ്‌റ്റുകളായി ഒരു ഇന്നിങ്‌സില്‍ 300 റണ്‍സ്‌ പോലും സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ ടീമിന്‌ സാധിക്കുന്നില്ലെന്ന്‌ സേവാഗ്‌ ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :