ക്യാപ്റ്റന്‍ കോലി പടിയിറങ്ങി, രവി ശാസ്ത്രിക്കും മടക്കം; നമീബിയക്കെതിരെ കൂറ്റന്‍ ജയവുമായി ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്ത്

രേണുക വേണു| Last Modified തിങ്കള്‍, 8 നവം‌ബര്‍ 2021 (22:27 IST)

ടി 20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത് ! ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് ഇനി രവി ശാസ്ത്രിയില്ല ! ടി 20 ക്രിക്കറ്റിലെ നായകസ്ഥാനത്തു നിന്ന് കോലി പടിയിറങ്ങി ! ടി 20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിലെ അവസാന മത്സരത്തില്‍ നമീബിയക്കെതിരെ കൂറ്റന്‍ ജയം സ്വന്തമാക്കിയെങ്കിലും ഇന്ത്യന്‍ ആരാധകര്‍ വൈകാരികമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

നമീബിയക്കെതിരെ ഒന്‍പത് വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ആദ്യ രണ്ട് സ്ഥാനക്കാരായ പാക്കിസ്ഥാനും ന്യൂസിലന്‍ഡും നേരത്തെ സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നമീബിയ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് നേടിയത്. 15. 2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ഇത് മറികടന്നു. രോഹിത് ശര്‍മ രണ്ട് സിക്‌സും ഏഴ് ഫോറും സഹിതം 56 റണ്‍സ് നേടി ടോപ് സ്‌കോററായി. കെ.എല്‍.രാഹുല്‍ ( 36 പന്തില്‍ 54 റണ്‍സ്), സൂര്യകുമാര്‍ യാദവ് ( 19 പന്തില്‍ 25 റണ്‍സ്) എന്നിവര്‍ പുറത്താകാതെ നിന്നു.

ടി 20 നായകനെന്ന നിലയില്‍ കോലിയുടെ അവസാന മത്സരമായിരുന്നു ഇന്നത്തേത്. ടി 20 ക്രിക്കറ്റില്‍ താരമെന്ന നിലയില്‍ കോലി തുടരുമെങ്കിലും നായകസ്ഥാനം ഉണ്ടാകില്ല. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തു നിന്ന് രവി ശാസ്ത്രിയും ഈ മത്സരത്തോടെ ഒഴിഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :