Virat Kohli: കാലവും പ്രതിസന്ധികളും കടന്ന കോലി കരുത്ത്; 2027 ലോകകപ്പിലും ഇന്ത്യയുടെ പ്രതീക്ഷ
Virat Kohli
2019 ഓഗസ്റ്റ് 14 നാണ് വിരാട് കോലി തന്റെ 43-ാം ഏകദിന സെഞ്ചുറി നേടുന്നത്. പിന്നീടുള്ള മൂന്ന് വർഷം കോലിയെന്ന അസാധ്യ ക്രിക്കറ്ററുടെ കരിയറിൽ ദുർഭൂതം പോലെ ഇപ്പോഴും പേടിപ്പെടുത്തുന്നുണ്ട്. 2022-22 കാലഘട്ടം കോലിയുടെ രാജ്യാന്തര കരിയറിലെ ഏറ്റവും മോശം സമയമാണ്. കോലി കരിയർ അവസാനിപ്പിക്കേണ്ടി വരുമെന്ന് പോലും വിധിയെഴുതപ്പെട്ട സമയം..!
2019 ഓഗസ്റ്റ് 14 ന് വിൻഡീസിനെതിരെ സെഞ്ചുറി നേടിയ ശേഷം കോലിയുടെ അടുത്ത സെഞ്ചുറി വരുന്നത് 2022 ഡിസംബർ പത്തിനാണ്. ഏതാണ്ട് ആയിരം ദിവസത്തിന് ശേഷം. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് വിധിയെഴുതിയ സമയത്തെയും അതിജീവിച്ച് കോലി ഇപ്പോഴും ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമായി തുടരുന്നു.
തിരുവനന്തപുരത്ത് ഇനി ഇന്ത്യൻ ജേഴ്‌സിയണിഞ്ഞ് കോലി കളിക്കുമോ എന്ന് അറിയില്ല. അതുകൊണ്ട് തന്നെ ഇന്നലെ കാര്യവട്ടത്ത് മലയാളി ക്രിക്കറ്റ് ആരാധകർക്ക് വേണ്ടി ഒരു ഫെയർവെൽ കാർണിവലാണ് കോലി ഒരുക്കിയത്. വെറും 88 പന്തിൽ 10 ഫോറും ഒൻപത് സിക്‌സും സഹിതം 139 റൺസുമായി കോലി ഷോ. 2027 ഏകദിന ലോകകപ്പ് കളിക്കാൻ താൻ പൂർണ സജ്ജനാണെന്ന് അടിവരയിടുന്ന ഇന്നിങ്‌സ്.
മോശം കാലത്തിനു ശേഷം കോലി നടത്തിയ തിരിച്ചുവരവ് എല്ലാവർക്കും പ്രചോദനമാണ്. അവിടുന്നിങ്ങോട്ടുള്ള കണക്ക് എടുത്താൽ 35 ഏകദിനങ്ങളിൽ 12 സെഞ്ചുറികൾ. ഈ തിരിച്ചുവരവിൽ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ ഒന്നിലേറെ റെക്കോർഡുകൾ കോലി മറികടന്നു. ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ, ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ്, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി പ്ലസ് സ്‌കോറുകൾ, ഏറ്റവും വേഗത്തിൽ 13,000 & 14,000, 15000 ഏകദിന റൺസ്, ഹോം ഗ്രൗണ്ടുകളിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ...! എത്ര പിന്നിലേക്ക് പോയാലും അതിനേക്കാൾ വേഗതയിലും ആവേശത്തിലും കുതിച്ച് മുന്നിലെത്താനുള്ള കോലിയുടെ നിശ്ചയദാർഢ്യം 2027 ഏകദിന ലോകകപ്പിലും ഇന്ത്യക്ക് കരുത്താകുമെന്ന് പ്രതീക്ഷിക്കാം. Also Read: 'മുഖ്യമന്ത്രി പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു'; കോൺഗ്രസിനുള്ളിൽ അതൃപ്തി, പിടിമുറുക്കി വേണുഗോപാൽ ഗ്രൂപ്പ്
