കോലി മനസ്സുവച്ചിരുന്നെങ്കില്‍ ആ റണ്‍ഔട്ട് ഒഴിവാക്കാമായിരുന്നു, ഇത്രയും സെല്‍ഫിഷ് ആവരുത്; അക്ഷര്‍ പട്ടേല്‍ നിന്നിരുന്നെങ്കില്‍ കളി ഇന്ത്യ ജയിച്ചേനെയെന്നും ആരാധകര്‍ (Video)

മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ 29-ാം ഓവറിലെ അഞ്ചാം പന്തിലാണ് റണ്‍ഔട്ട്

രേണുക വേണു| Last Modified വ്യാഴം, 23 മാര്‍ച്ച് 2023 (09:31 IST)

വിരാട് കോലിക്കൊപ്പം ബാറ്റ് ചെയ്യുന്ന താരങ്ങള്‍ ഏത് നേരത്തും റണ്‍ഔട്ടിനെ പേടിച്ച് വേണം കളിക്കാനെന്ന് സോഷ്യല്‍ മീഡിയ. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ അക്ഷര്‍ പട്ടേല്‍ റണ്‍ഔട്ടായതിനു പിന്നാലെയാണ് കോലിക്കെതിരായ പരിഹാസം. കോലി മനസ്സുവച്ചിരുന്നെങ്കില്‍ അക്ഷര്‍ പട്ടേലിന്റെ റണ്‍ഔട്ട് ഒഴിവാക്കാമായിരുന്നു എന്നാണ് ആരാധകരുടെ വിമര്‍ശനം. സമീപകാലത്ത് ഇന്ത്യന്‍ സാഹചര്യത്തില്‍ നന്നായി ബാറ്റ് ചെയ്യുന്ന അക്ഷറിന്റെ വിക്കറ്റ് നഷ്ടമായത് മത്സരഫലത്തെ ബാധിച്ചെന്നാണ് ആരാധകരുടെ വാദം.

മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ 29-ാം ഓവറിലെ അഞ്ചാം പന്തിലാണ് റണ്‍ഔട്ട്. സ്റ്റാര്‍ക്ക് എറിഞ്ഞ ഫുള്‍ ടോസ് മിഡ് വിക്കറ്റിലേക്ക് കളിച്ച് അതിവേഗ റണ്‍സിനായി അക്ഷര്‍ പട്ടേല്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കിടിലന്‍ ഒരു ഡൈവിങ്ങിലൂടെ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ആ പന്ത് കൈപിടിയിലൊതുക്കുകയായിരുന്നു. പന്ത് സ്മിത്ത് പിടിച്ചത് കണ്ടതും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന വിരാട് കോലി സിംഗിള്‍ ഓടാന്‍ തയ്യാറായില്ല. എന്നാല്‍ അക്ഷര്‍ പട്ടേല്‍ അപ്പോഴേക്കും ക്രീസ് വിട്ടിരുന്നു.
കോലി സിംഗിള്‍ നിഷേധിച്ചതോടെ അക്ഷറിന് വീണ്ടും ക്രീസിലേക്ക് ഓടിക്കയറുകയല്ലാതെ വേറൊരു സാധ്യതയുമില്ലായിരുന്നു. സ്മിത്ത് നല്‍കിയ ത്രോ അതിവേഗം കൈക്കലാക്കി വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി അക്ഷറിനെ റണ്‍ഔട്ടാക്കി. ഒരുപക്ഷേ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന കോലി അതിവേഗം ഓടിയിരുന്നെങ്കില്‍ ആ സിംഗിള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ആരാധകരുടെ വാദം. കോലി അക്ഷറിനെ തിരിച്ചുവിട്ടതാണ് റണ്‍ഔട്ടിന് കാരണമെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :