രേണുക വേണു|
Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (15:14 IST)
ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയ രാജാക്കന്‍മാരാണ്. എന്നാല്‍, ടി 20 ലോകകപ്പില്‍ ഇതുവരെ ഒരിക്കല്‍ പോലും കിരീടം നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. യുഎഇയില്‍ നടക്കാനിരിക്കുന്ന ടി 20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് ഇത്തവണ ഓസ്‌ട്രേലിയ പ്രതീക്ഷിക്കുന്നത്. എന്നാല്‍, തുടര്‍ച്ചയായി അഞ്ച് പരമ്പരകള്‍ നഷ്ടമായതിന്റെ നിരാശയും പേടിയും അവര്‍ക്കുണ്ട്. അഞ്ച് പരമ്പരകള്‍ നഷ്ടമായതിനൊപ്പം മറ്റൊരു വലിയ തലവേദനയും ഓസീസിന് ഉണ്ടായിരുന്നു. അതിനിപ്പോള്‍ പരിഹാരം കണ്ടു കഴിഞ്ഞു. ആ തലവേദന മാറ്റിയത് സാക്ഷാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും !
ഇത്തവണ ഓസീസ് കപ്പ് നേടിയാല്‍ അതിനു കാരണം വിരാട് കോലി കൂടിയാണെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. ഓള്‍റൗണ്ടര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലിനെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിച്ചതാണ് കോലിക്കുള്ള ക്രെഡിറ്റിനു കാരണം.
ഫോമിലെത്തിയാല്‍ ഏത് കളിയുടെ ഗതിയും മാറ്റാന്‍ കഴിവുള്ള താരമാണ് മാക്‌സ്വെല്‍. എന്നാല്‍, ഐപിഎല്‍ 14-ാം സീസണിലേക്ക് എത്തുന്നതുവരെ മാക്‌സ്വെല്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുകയായിരുന്നു. ഐപിഎല്ലില്‍ ആര്‍സിബി താരമായ മാക്‌സ്വെല്‍ ഒടുവില്‍ ഫോം വീണ്ടെടുത്തു. ആര്‍സിബി നായകന്‍ കോലിയാണ് മാക്‌സ്വെല്ലിനെ മാനസികമായി സഹായിച്ചത്.
നേരത്തെ വിഷാദ രോഗത്തെ തുടര്‍ന്ന് മാക്‌സ്വെല്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ശേഷം മാക്‌സ്വെല്‍ ആസ്വദിച്ചു കളിച്ചത് ഇപ്പോള്‍ കഴിഞ്ഞ ഐപിഎല്ലിലാണ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ തന്നെ സഹായിച്ചത് നായകന്‍ കോലിയാണെന്ന് മാക്‌സ്വെല്‍ തുറന്നുപറഞ്ഞിരുന്നു. കോലി തന്നെ മാനസികമായി ബലപ്പെടുത്തിയെന്നാണ് മാക്‌സ്വെല്‍ പറയുന്നത്. 14 മത്സരങ്ങളില്‍ നിന്നായി ആര്‍സിബിക്ക് വേണ്ടി 42.75 ശരാശരിയില്‍ 513 റണ്‍സാണ് ഇത്തവണ മാക്‌സ്വെല്‍ അടിച്ചുകൂട്ടിയത്. വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും നല്‍കിയ പ്രോത്സാഹനവും പിന്തുണയുമാണ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ തന്നെ സഹായിച്ചതെന്ന് ഇന്ത്യക്കെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിനു മുന്‍പ് മാക്‌സ്വെല്‍ പറഞ്ഞു. മാക്‌സ്വെല്‍ മാത്രമല്ല ഓസീസ് ആരാധകരും ഇക്കാര്യത്തില്‍ കോലിയോട് നന്ദി പറയുകയാണ്.