രേണുക വേണു|
Last Modified ചൊവ്വ, 2 മെയ് 2023 (10:28 IST)
Virat Kohli and Gautam Gambhir: കിട്ടിയതിനെല്ലാം പലിശ സഹിതം മറുപടി നല്‍കുന്ന കൂട്ടത്തിലാണ് വിരാട് കോലി. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് തോറ്റ മത്സരത്തില്‍ ലഖ്‌നൗ മെന്റര്‍ ഗൗതം ഗംഭീര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകരുടെ മുഖത്ത് നോക്കി നടത്തിയ ആഹ്ലാദപ്രകടനം കോലി പെട്ടന്നൊന്നും മറക്കില്ല. ആ നിമിഷം മുതല്‍ അതിനുള്ള മറുപടി നല്‍കാന്‍ കാത്തിരിക്കുകയായിരുന്നു കോലി. ഒടുവില്‍ കോലിയുടെ ഊഴമെത്തി.
ചിന്നസ്വാമിയിലെ തോല്‍വിക്ക് ലഖ്‌നൗ ഏക്‌നാ സ്‌റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മറുപടി നല്‍കി. ട്വന്റി 20 യിലെ ചെറിയ സ്‌കോറുകളില്‍ ഒന്നായ 126 പ്രതിരോധിച്ച് 18 റണ്‍സിന്റെ വിജയം. ഇതിനിടയില്‍ ബെംഗളൂരുവില്‍ ഗംഭീര്‍ കാണിച്ചതിന് കോലി മറുപടിയും കൊടുത്തു.
ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ആര്‍സിബിയെ തോല്‍പ്പിച്ച ശേഷം ഗംഭീര്‍ നടത്തിയ ആഹ്ലാദപ്രകടനം ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ആര്‍സിബി ആരാധകര്‍ക്ക് നേരെ തിരിഞ്ഞ് വായ് മൂടി ആംഗ്യം കാണിക്കുകയായിരുന്നു ഗൗതം. ഇപ്പോള്‍ ഏക്‌നാ സ്റ്റേഡിയത്തില്‍ ലഖ്‌നൗവിനെതിരായ മത്സരം നടക്കുമ്പോള്‍ അതേ ആംഗ്യം തിരിച്ചുകാണിച്ചു കോലി. ഇവിടെ നിന്ന് പ്രശ്‌നങ്ങള്‍ രൂക്ഷമായി. കോലിയുടെ ആഹ്ലാദപ്രകടനം ഇഷ്ടമാകാതിരുന്ന ഗംഭീര്‍ മത്സരശേഷം അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
ലഖ്‌നൗ താരമായ കെയ്ല്‍ മയേര്‍സ് മത്സരശേഷം വിരാട് കോലിയുടെ അടുത്തുവന്ന് സംസാരിക്കുന്നുണ്ടായിരുന്നു. ഇത് കണ്ട ഗംഭീര്‍ മയേര്‍സിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. കോലിയോട് സംസാരിക്കുന്നതില്‍ നിന്ന് മയേര്‍സിനെ വിലക്കാന്‍ ശ്രമിക്കുകയായിരുന്നു ഗംഭീര്‍. ഇത് പ്രശ്‌നം വഷളാക്കി. ഗംഭീറിന്റെ പ്രവൃത്തി കണ്ട കോലി തിരിച്ച് ദേഷ്യപ്പെട്ട് സംസാരിക്കാന്‍ തുടങ്ങി. ഇരുവരും നേര്‍ക്കുനേര്‍ വന്ന് സംസാരിക്കാന്‍ തുടങ്ങിയതോടെ സാഹതാരങ്ങള്‍ ഓടിയെത്തി പിടിച്ചുമാറ്റുകയായിരുന്നു.
ബെംഗളൂരുവില്‍ കൊടുത്തതിന് ലഖ്‌നൗവില്‍ തിരിച്ചുകിട്ടിയില്ലേ എന്നാണ് ഗംഭീറിനോട് കോലി ആരാധകരുടെ ചോദ്യം. ആളും തരവും നോക്കി വേണം ഗംഭീര്‍ കളിക്കാനെന്നും ആരാധകര്‍ പരിഹസിക്കുന്നു.