അഭിറാം മനോഹർ|
Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (12:58 IST)
3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ദേശീയ ടീമിലേക്ക് തിരികെയെത്തിയത് പുനര്‍ജന്മം പോലെ തോന്നുന്നുവെന്ന് ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. കഴിഞ്ഞ ഐപിഎല്ലിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടി20 ടീമില്‍ തിരിച്ചെത്തിയ വരുണ്‍ ചക്രവര്‍ത്തി ബംഗ്ലാദേശിനെതിരെ 31 റണ്‍സ് വഴങ്ങി 3 വിക്കറ്റുകളാണ് വീഴ്ത്തിയത്.
നീണ്ട 3 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് തീര്‍ച്ചയായും എനിക്ക് വൈകാരികമായിരുന്നു. ഇന്ത്യന്‍ ജേഴ്‌സിയില്‍ തിരിച്ചെത്തിയതില്‍ സന്തോഷം തോന്നുന്നു. ഇതൊരു പുനര്‍ജന്മമായി തോന്നുന്നു. ജിയോ സിനിമയ്ക്ക് മത്സരശേഷം നല്‍കിയ അഭിമുഖത്തിലാണ് വരുണ്‍ ചക്രവര്‍ത്തി മനസ്സ് തുറന്നത്.
തിരിച്ചുവരവില്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്റെ സഹായത്തിന് ചക്രവര്‍ത്തി നന്ദി പറഞ്ഞു. ടിഎന്‍പിഎല്‍ സമയത്ത് അശ്വിന്‍ ഭായിക്കൊപ്പം പ്രവര്‍ത്തിച്ചത് എനിക്ക് വലിയ സഹായമായി. ചാമ്പ്യന്‍ഷിപ്പ് നേടാനും ഞങ്ങള്‍ക്കായി. അത് വലിയ ആത്മവിശ്വാസം നല്‍കി. ഈ പരമ്പരയ്ക്ക് വേണ്ടിയുള്ള മികച്ച തയ്യാറെടുപ്പായിരുന്നു അത്. വരുണ്‍ ചക്രവര്‍ത്തി പറഞ്ഞു.