അഭിറാം മനോഹർ|
Last Modified വ്യാഴം, 1 ജനുവരി 2026 (19:08 IST)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചെറുപ്രായത്തില്‍ തന്നെ അരങ്ങേറ്റം നടത്തിയ താരമാണെങ്കിലും പല കാരണങ്ങള്‍ കൊണ്ടും ഇന്ത്യന്‍ ക്രിക്കറ്റില്‍ പടര്‍ന്ന് കയറാന്‍ പറ്റാതിരുന്ന പ്രതിഭയാണ് മലയാളി ബാറ്ററായ സഞ്ജു സാംസണ്‍. മഹേന്ദ്രസിംഗ് ധോനിയെന്ന വന്‍മലയാണ് ആദ്യം ടീമില്‍ സ്ഥിരസാന്നിധ്യമാവുന്നതില്‍ നിന്നും സഞ്ജുവിനെ അകറ്റിയെങ്കിലും പിന്നീട് ദേശീയ ടീമിലെ രാഷ്ട്രീയവും പല താരങ്ങള്‍ക്കായി നടത്തിയ ചരട് വലികളും സഞ്ജുവിനെ ഇന്ത്യന്‍ ടീമിന്റെ പരിസരങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നു.
കരിയറിന്റെ വിവിധ ഘട്ടങ്ങളില്‍ മഹേന്ദ്രസിംഗ് ധോനി, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരുമായി സഞ്ജു മത്സരിക്കുന്നുണ്ട്. 2024ല്‍ ടി20 ക്രിക്കറ്റില്‍ 3 സെഞ്ചുറികളുമായി ഇടം ഉറപ്പിച്ചെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും ഉപനായകനായി ശുഭ്മാന്‍ ഗില്ലിനെ ടി20 ക്രിക്കറ്റില്‍ അവരോധിച്ചതോടെ നഷ്ടങ്ങള്‍ ഏറെ സംഭവിച്ച വര്‍ഷമായിരുന്നു സഞ്ജുവിനെ സംബന്ധിച്ചിടത്തോളം 2026.
ദേശീയ ടീമില്‍ അവസരം ഇല്ലാതെയായതിനൊപ്പം ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞ്ജു പുറത്തേക്ക് പോയി. എന്നാല്‍ 2026 ആരംഭിക്കുമ്പോള്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെ മുഖ്യ വിക്കറ്റ് കീപ്പറും ഓപ്പണിംഗ് താരവും സഞ്ജുവാണ്. ജനുവറിയില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട റോളില്‍ സഞ്ജു കളിക്കുമെന്ന് ഉറപ്പ്. ലോകകപ്പിലും അതിന് പിന്നാലെ നടക്കാനിരിക്കുന്ന ഐപിഎല്ലിലും മികച്ച പ്രകടനങ്ങള്‍ നടത്താനായാല്‍ സഞ്ജുവിന്റെ ജാതകം തിരുത്തിക്കുറിക്കുന്ന വര്‍ഷമാകും 2026.
ടീമിന്റെ മുഖ്യ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ന്യൂസിലന്‍ഡിനെതിരെയും ലോകകപ്പിലും സഞ്ജു തന്നെയാകും ആദ്യ ഇലവനില്‍ ഇടം നേടുക. ഇന്ത്യയിലും ശ്രീലങ്കയിലുമാണ് മത്സരങ്ങള്‍ നടക്കുന്നത് എന്നതും തന്റെ ഏറ്റവും പ്രിയപ്പെട്ട ഓപ്പണിംഗ് സ്ലോട്ടില്‍ കളിക്കാമെന്നതും സഞ്ജുവിനെ സംബന്ധിച്ചിടത്തോളം അവസരങ്ങളുടെ വാതിലുകളാണ് തുറക്കുന്നത്. ഒരു മികച്ച ലോകകപ്പ് ക്യാമ്പയിന്‍ സഞ്ജുവിന്റെ തലവര മാറ്റുമെന്നത് തീര്‍ച്ച.
ഐപിഎല്ലിലേക്ക് വരുമ്പോള്‍ ചെന്നൈയില്‍ മഹേന്ദ്ര സിംഗ് ധോനിയുടെ പകരക്കാരനായാണ് സഞ്ജു അവരോധിതനാകുന്നത്. നായകനാകാന്‍ സാധ്യതയില്ലെങ്കിലും ചെന്നൈയുടെ പുതിയ മുഖമായി മാറാന്‍ സഞ്ജുവിനാകും. യുവതാരങ്ങള്‍ നിറഞ്ഞ ടീമിനെ നയിക്കുന്ന മെന്റര്‍ + വിക്കറ്റ് കീപ്പര്‍ റോളായിരിക്കും സഞ്ജുവിനായി ചെന്നൈ കാത്തുവെയ്ക്കുക. മികച്ച ഒരുപിടി യുവതാരങ്ങള്‍ ഉള്ളതിനാല്‍ തന്നെ ഐപിഎല്ലില്‍ ചെന്നൈ കിരീടമുയര്‍ത്തിയാലും അത്ഭുതങ്ങളില്ല. അങ്ങനെയെങ്കില്‍ വരാനിരിക്കുന്ന 4 മാസക്കാലമാകും സഞ്ജുവിന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ ജാതകം തിരുത്തിക്കുറിക്കുക.